അനുമതിയില്ലാത്ത നടത്തം, പിന്നാലെ നടപടിയും പിഴയും; യുഎഇയിൽ സായാഹ്ന സവാരിക്ക് ഇറങ്ങിയ പ്രവാസി മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ

അബുദാബി ∙ അനുമതിയില്ലാത്ത സ്ഥലത്ത് റോഡിനു കുറുകെ കടന്നതിന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് അബുദാബി പൊലീസ് പിഴ ചുമത്തി. 400 ദിർഹമാണ് (ഏകദേശം 9000 ഇന്ത്യൻ രൂപ) പിഴ. മുസഫ ഷാബിയയിലെ താമസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ പിഴ ലഭിച്ചത്.

പ്രധാന റോഡുകളിലും ഉൾപ്രദേശത്തെ റോഡുകളിലെല്ലാം പരിശോധന ഊർജിതമാക്കിയ സിഐഡി ഉദ്യോഗസ്ഥർ വ്യക്തികളുടെ എമിറേറ്റ്സ് ഐഡി വാങ്ങി നിയമലംഘനം രേഖപ്പെടുത്തുന്നു. ഒരു മാസത്തിനകം പിഴ അടയ്ക്കാത്തവർക്ക് വൈകുന്ന ഓരോ മാസത്തിനും 10 ദിർഹം വീതം അധികം ഈടാക്കും.

വീടിനു തൊട്ടുമുന്നിലുള്ള കടയിൽനിന്ന് സാധനം വാങ്ങാനായി ഉൾപ്രദേശത്തെ റോഡിനു കുറുകെ കടന്നവരെയും പിടികൂടി പിഴ ചുമത്തി. ഷാബിയ 10ലെ ഒരു കെട്ടിടത്തിലെ വാച്ച്മാന് 6 മാസത്തിനകം 6 തവണ പിഴ ലഭിച്ചു. സ്കൂൾ ബസിലെത്തിയ കുട്ടിയെ കൂട്ടാനായി റോഡ് മുറിച്ചുകടന്നപ്പോഴാണ് ഏറ്റവും ഒടുവിൽ പിഴ ലഭിച്ചത്. കുട്ടിക്ക് എമിറേറ്റ്സ് ഐഡി ഇല്ലാത്തതിനാൽ വാച്ച്മാന്റെ എമിറേറ്റ്സ് ഐഡിയിൽ 2 പിഴ രേഖപ്പെടുത്തി. തിരുവനന്തപുരത്തുള്ള മറ്റൊരു മലയാളിക്ക് 3 വർഷത്തിനിടെ 3 തവണ പിഴ ലഭിച്ചു.

വൈകിട്ട് സായാഹ്ന സവാരിക്ക് ഇറങ്ങിയ മലപ്പുറം സ്വദേശിയെയും ഭാര്യയെയും റോഡിനു കുറുകെ കടക്കവെ ഉദ്യോഗസ്ഥർ പിടികൂടി. ആവശ്യപ്പെട്ടതനുസരിച്ച് എമിറേറ്റ്സ് ഐഡി കാണിച്ചു. എന്നാൽ പിഴയെക്കുറിച്ച് സന്ദേശമൊന്നും ലഭിക്കാത്തതിനാൽ മുന്നറിയിപ്പ് നൽകിയതാകാമെന്നാണ് ഇവർ കരുതിയത്. ഒന്നര വർഷത്തിനുശേഷം എമിറേറ്റ്സ് ഐഡി പുതുക്കാനായി അപേക്ഷിച്ചപ്പോഴാണ് 2 പേരുടെ 800 ദിർഹം (400 ദിർഹം വീതം) പിഴയും 320 ദിർഹം ഫൈനും ചേർത്ത് 1120 ദിർഹം അടയ്‌ക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. പിഴ ലഭിച്ചാൽ ഉടൻ അടയ്ക്കുന്നതാണ് ഉചിതമെന്ന് യുവാവ് അനുഭവത്തിന്റെ വെളിച്ചത്തിൽ ഉപദേശിച്ചു.

തൊട്ടുമുന്നിലുള്ള കടയിൽ പോകാൻ കിലോമീറ്റർ അകലെയുള്ള സീബ്രാ ക്രോസിലൂടെ വന്നാലും പ്രസ്തുത കെട്ടിടത്തിനു ചുറ്റും സീബ്രാ ക്രോസ് ഇല്ലെങ്കിൽ എങ്ങനെ പോകുമെന്നാണ് പിഴ ലഭിച്ചവർ ചോദിക്കുന്നത്. രാജ്യത്തിന്റെ നിയമം പാലിക്കാൻ തയാറാണ്. സ്വതന്ത്ര സഞ്ചാരത്തിന് മതിയായ സീബ്രാ ക്രോസ് ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, സീബ്രാ ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാത്ത വാഹന ഡ്രൈവർമാർക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. ഇത്തരക്കാരെ പിടികൂടാൻ സീബ്രാ ക്രോസിൽ ക്യാമറ സ്ഥാപിച്ചു. ക്യാമറകൾ ഇല്ലാത്ത ഉൾപ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ നിയമലംഘനം രേഖപ്പെടുത്തും. കാൽനട യാത്രക്കാർക്കിടയിൽ അപകടം വർധിച്ച സാഹചര്യത്തിലാണ് അധികൃതർ നിയമം കർശനമാക്കിയത്.

നെഞ്ചുവേദന ‘ഗ്യാസ് ‘ ആയി തള്ളിക്കളയല്ലേ! ഗൾഫിൽ പ്രവാസികളുടെ പെട്ടെന്നുള്ള മരണം കൂടുന്നു; കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് രണ്ട് മലയാളികൾ

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രണ്ട് മലയാളികൾ മരണമടഞ്ഞു. ഈ ആഴ്ച മാത്രം ജിദ്ദയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുഴഞ്ഞുവീണും ഹൃദയാഘാതം സംഭവിച്ചുമാണ് മരണങ്ങൾ സംഭവിച്ചത്. മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി പൊൻമുണ്ടം കുന്നത്ത് അബ്ദുൽ സലാം, വർക്കല സ്വദേശി ദിൽദാർ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച മലയാളികൾ.

അബ്ദുൽ സലാം നാട്ടിലേക്കു പോകാനിരിക്കെ വെള്ളിയാഴ്ച്ചയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോൾ ഇസിജി പരിശോധനയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ തിരിച്ചറിഞ്ഞു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിച്ചു. ദിൽദാറും ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു. ഇസിജി എടുത്ത ശേഷം മരുന്ന് വാങ്ങുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചത്.

കോവിഡ്-ശേഷം പ്രവാസികളിൽ പെട്ടെന്നുള്ള മരണങ്ങൾ വർധിച്ചതായി സാമൂഹ്യപ്രവർത്തകർ വ്യക്തമാക്കുന്നു. അമിത മാനസിക സമ്മർദ്ദം, ജോലിയില്ലായ്മ, വ്യായാമക്കുറവ്, ഉറക്കക്കുറവ്, ഭക്ഷണത്തിലെ അനിയന്ത്രിതത്വം, ആരോഗ്യ പരിശോധനയിൽ അവഗണന എന്നിവയാണ് പ്രധാന കാരണങ്ങളെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. രോഗലക്ഷണങ്ങൾ വ്യക്തമായിട്ടും മരുന്ന് കഴിക്കാനോ ഡോക്ടറുടെ നിർദ്ദേശം പാലിക്കാനോ പലരും തയാറാകുന്നില്ലെന്ന് ജിദ്ദയിലെ പ്രശസ്ത ഡോക്ടർ വിനീത പിള്ള മനോരമ ഓൺലൈനിനോട് പറഞ്ഞു.

“ഹൃദയാഘാതത്തിന്റെ സൂചനയുണ്ടെന്ന് പറഞ്ഞാലും പലരും ‘നാട്ടിൽ പോയി ചികിത്സിക്കാം’ എന്ന നിലപാടിലാണ്. നെഞ്ചുവേദന വന്നാൽ അത് ‘ഗ്യാസ്’ ആണെന്ന് കരുതി അവഗണിക്കരുത്. ചെറുതായി തോന്നുന്ന വേദനകൾ പോലും ഗുരുതര രോഗത്തിന്റെ മുന്നറിയിപ്പ് ആയിരിക്കാം,” — ഡോ. വിനീത പിള്ള മുന്നറിയിപ്പ് നൽകി.

തനിക്കു സമീപകാലത്ത് ചികിത്സയ്‌ക്ക് എത്തിയ ഒരു രോഗിയെ കുറിച്ച് പറഞ്ഞ ഡോക്ടർ പറഞ്ഞു: “ചെറിയ നെഞ്ചുവേദനയ്ക്കു എന്തിന് ഇസിജി, രക്തപരിശോധന തുടങ്ങിയ പരിശോധനകൾ എന്ന് വാദിച്ച രോഗിയെ നിർബന്ധിച്ച് പരിശോധനയ്ക്ക് വിധേയനാക്കുമ്പോഴാണ് ഹൃദയാഘാതത്തിന്റെ ലക്ഷണം കണ്ടെത്തിയത്.”

പ്രവാസികൾക്ക് പൊതുവേ ഇൻഷുറൻസ് ലഭ്യമായതിനാൽ സമീപത്തെ ആശുപത്രികളിൽ പരിശോധന നടത്താൻ ബുദ്ധിമുട്ടില്ലെന്നും, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങൾ വന്നാൽ തൽക്ഷണം പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർ ഉപദേശിച്ചു.

“മരുന്നുകൾ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താനാണ്. ഷുഗറിനും കൊളസ്ട്രോളിനും മരുന്ന് കഴിക്കാൻ പലരും മടിക്കുന്നു; ഒരിക്കൽ തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരുമെന്ന തെറ്റിദ്ധാരണയാണ് കാരണം. ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തണമെന്നും മുന്നറിയിപ്പുകൾ ഗൗരവത്തിൽ എടുക്കണമെന്നും ഡോ. വിനീത പിള്ള പറഞ്ഞു.”

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

വൻ വിസ തട്ടിപ്പ്; യുഎഇയിലെ ഓയില്‍ കമ്പനിയിൽ ജോലി വാഗ്ദാനം, യുവാക്കളില്‍ നിന്ന് ലക്ഷങ്ങൾ തട്ടി, കേസിൽ പ്രതി പിടിയിൽ

അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി ഉറപ്പുനൽകാമെന്ന് പറഞ്ഞ് വ്യാജ വിസ നൽകി രണ്ട് യുവാക്കളിൽ നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചങ്ങവിള ദേശം സ്വദേശി വിൻസ് (39) ആണ് ചേർപ്പ് പൊലീസ് സ്റ്റേഷനിലെ അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. പാലക്കലിൽ ചിപ്‌സ് ബിസിനസ് നടത്തുന്ന ഗിരീഷ് എന്ന യുവാവിനെയും, അദ്ദേഹത്തിന്റെ പരിചയക്കാരനായ പ്രിൻസ് നെയും വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. അബുദാബിയിലേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ലഭിക്കാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിസ വ്യാജമാണെന്ന് മനസ്സിലായത്. തുടർന്ന് ഇരുവരും ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ശാസ്ത്രീയമായ അന്വേഷണം നടത്തി ഒളിവിൽ പോയിരുന്ന വിൻസിനെ അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത പൊലീസ് കേസിൽ തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിൽ കാലാവധി കഴിഞ്ഞ ലൈസൻസുള്ള വാഹനം അപകടത്തില്‍പ്പെട്ടു; ഡ്രൈവർക്ക് 10,000 ദിർഹം പിഴ ചുമത്തി

പൊതു സുരക്ഷ അപകടത്തിലാക്കിയതും മറ്റൊരാളുടെ സ്വത്തിന് നാശനഷ്ടം വരുത്തിയതും ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതുമെന്ന കുറ്റങ്ങൾക്ക് ദുബായ് ട്രാഫിക് കോടതി ഒരു ഏഷ്യൻ പൗരന് 10,000 ദിർഹം (ഏകദേശം ₹2.2 ലക്ഷം) പിഴ ചുമത്തി. കൂടാതെ, മൂന്നു മാസത്തേക്ക് ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. എമിറാത്ത് അൽ യൗം ദിനപ്പത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

കാലാവധി കഴിഞ്ഞ ലൈസൻസുമായി വാഹനം ഓടിക്കുമ്പോൾ പെട്ടെന്ന് വലത്തോട്ട് വെട്ടിയ പ്രതിയുടെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടുകയായിരുന്നു. അപകടത്തിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും അടങ്ങിയ ഇന്ത്യൻ പൗരന്മാർക്ക് പരിക്കേൽക്കുകയും രണ്ട് വാഹനങ്ങൾക്കും ഗൗരവമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഡ്രൈവറുടെ അശ്രദ്ധയും ലൈസൻസ് പുതുക്കാതിരുന്നതും ട്രാഫിക് നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *