എയർപോട്ടിലെ നടപടിക്രമങ്ങൾ ഇനി ഈസിയാകും!; ഇന്ത്യയിൽ ഇ-അറൈവൽ കാർഡ് നിർബന്ധം

വിദേശ പൗരന്മാർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ പുതിയ ഇ-അറൈവൽ കാർഡ് സംവിധാനം നിലവിൽ വന്നു. പരമ്പരാഗത പേപ്പർ ഡിസെംബാർക്കേഷൻ കാർഡിന് പകരമായി ഡിജിറ്റൽ സംവിധാനം ഒക്ടോബർ 1 മുതൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ സജീവമായി. യാത്രക്കാർക്ക് വേഗത്തിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കാരം.

പുതിയ നിയമം ഇങ്ങനെ:

നിർബന്ധം: ഇന്ത്യൻ പൗരന്മാരല്ലാത്ത, വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ ഇ-അറൈവൽ കാർഡ് നിർബന്ധമാണ്. ഇന്ത്യൻ പൗരന്മാർക്കും ഒസിഐ (OCI) കാർഡ് ഉടമകൾക്കും ഇത് ബാധകമല്ല.

സമയപരിധി: വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് മുതൽ 24 മണിക്കൂറിന് മുമ്പുള്ള സമയത്തിനുള്ളിൽ ഇന്ത്യൻ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ വെബ്സൈറ്റിൽ കാർഡ് പൂരിപ്പിച്ച് സമർപ്പിക്കണം.

ചാർജ്: ഇ-അറൈവൽ കാർഡ് സമർപ്പിക്കുന്നതിന് ഫീസ് ഇല്ല.

സമയനഷ്ടം: മുൻകൂട്ടി കാർഡ് പൂരിപ്പിക്കാത്ത യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തുമ്പോൾ ഇമിഗ്രേഷൻ ക്ലിയറൻസിനായി കൂടുതൽ സമയം ക്യൂവിൽ കാത്തുനിൽക്കേണ്ടിവരും.

പൂരിപ്പിക്കേണ്ട വിവരങ്ങൾ ലളിതം:

പാസ്‌പോർട്ട് നമ്പർ, ദേശീയത, സന്ദർശന ലക്ഷ്യം, ഇന്ത്യയിലെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ മാത്രമാണ് ഓൺലൈൻ ഫോമിൽ നൽകേണ്ടത്. ഡോക്യുമെന്റുകളൊന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല.

സമയം ലാഭിക്കാം:

പല രാജ്യങ്ങളിലെയും ട്രാവൽ ഏജൻസികൾ ഈ നീക്കത്തെ സ്വാഗതം ചെയ്തു. പ്രതിദിനം ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന വലിയൊരു വിഭാഗം യാത്രക്കാർക്ക് ഇത് സമയം ലാഭിക്കാൻ സഹായിക്കുമെന്ന് ട്രാവൽ ഏജൻ്റുമാർ അഭിപ്രായപ്പെട്ടു. ബിസിനസ്, ടൂറിസം, ചികിത്സ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ഓൺലൈൻ സംവിധാനം ഏറെ പ്രയോജനകരമാകും. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന് മുമ്പ് തന്നെ വിവരങ്ങൾ ഇമിഗ്രേഷൻ കൗണ്ടറിൽ ലഭ്യമാകുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.

പരിഷ്‌കരണത്തിന്റെ ലക്ഷ്യം:

തിരക്കേറിയ ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കി നടപടികൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഇ-അറൈവൽ കാർഡ് സംവിധാനം കൊണ്ടുവന്നത്.

ഗോള്‍ഡ് ലോണ്‍ പുതുക്കല്‍ ഇനി കൂടുതൽ കടുപ്പം; പലിശ മാത്രം അടച്ച് നീട്ടാന്‍ കഴിയില്ല, അറിയേണ്ട പ്രധാന മാറ്റങ്ങള്‍

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സ്വർണ്ണവും വെള്ളിയും പണയപ്പെടുത്തി നൽകുന്ന വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പുതുക്കി. ഉപഭോക്താക്കളുടെ സംരക്ഷണം, വായ്പാ നടപടികളിലെ സുതാര്യത, തിരിച്ചടവിലെ അച്ചടക്കം എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം. വ്യവസ്ഥകൾ രണ്ട് ഘട്ടങ്ങളിലായാണ് പ്രാബല്യത്തിലാകുക. ഒക്ടോബർ ഒന്നുമുതൽ പ്രഥമ ഘട്ടവും 2026 ഏപ്രിൽ ഒന്നുമുതൽ രണ്ടാമത്തെ ഘട്ടവും നിലവിൽ വരും.

2025 ഒക്ടോബർ ഒന്നുമുതൽ നിലവിൽ വന്ന മാറ്റങ്ങൾ

സ്വർണം വാങ്ങുന്നതിനുള്ള വായ്പ നിരോധിച്ചു – ആഭരണങ്ങൾ, കോയിൻ, ETF ഉൾപ്പെടെ ഏത് രൂപത്തിലുള്ള സ്വർണം വാങ്ങുന്നതിനും ഇനി വായ്പ അനുവദിക്കില്ല.

ശുദ്ധീകരിക്കാത്ത സ്വർണത്തിനും വെള്ളിക്കും വായ്പ നിരോധനം – അസംസ്‌കൃത രൂപത്തിലുള്ള സ്വർണം/വെള്ളി ഇനി വായ്പയ്ക്കായി സ്വീകരിക്കില്ല.

മൂലധന വായ്പയുടെ വ്യാപനം – സ്വർണമോ വെള്ളിയോ അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന നിർമ്മാതാക്കൾക്ക് (ജ്വല്ലറികൾക്ക് മാത്രമല്ല) പ്രവർത്തന മൂലധന വായ്പ അനുവദിക്കും.

സഹകരണ ബാങ്കുകൾക്കും അനുമതി – ചെറുപട്ടണങ്ങളിലെ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും സ്വർണ വായ്പ നൽകാനാവും.

തിരിച്ചടവ് കാലാവധി – ഗോൾഡ് മെറ്റൽ ലോൺ (GML) 270 ദിവസം വരെ തിരിച്ചടയ്ക്കാം. പുറംകരാർ അടിസ്ഥാനത്തിൽ ആഭരണ നിർമ്മാണം നടത്തുന്നവർക്കും ഈ ആനുകൂല്യം ലഭിക്കും.

2026 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ

വായ്പാ പരിധികൾ (LTV):

₹2.5 ലക്ഷം വരെയുള്ള വായ്പകൾ – സ്വർണ മൂല്യത്തിന്റെ 85% വരെ

₹2.5 ലക്ഷം മുതൽ ₹5 ലക്ഷം വരെ – 80%

₹5 ലക്ഷത്തിന് മുകളിൽ – 75%

ബുള്ളറ്റ് തിരിച്ചടവ് കര്‍ശനമായി – മുതലും പലിശയും 12 മാസത്തിനുള്ളിൽ തന്നെ തിരിച്ചടയ്ക്കണം. പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി ഒഴിവാക്കി.

സ്വർണം തിരിച്ചുനൽകൽ – വായ്പ മുഴുവനും അടച്ചുതീർത്താൽ പണയ സ്വർണം അന്നുതന്നെ അല്ലെങ്കിൽ പരമാവധി ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ തിരികെ നൽകണം. വൈകിയാൽ ദിവസവും ₹5,000 വീതം പിഴ.

വായ്പാ കരാർ – വായ്പാ കരാറിൽ സ്വർണ മൂല്യനിർണയ രീതി, ഈടാക്കുന്ന പലിശ, ലേല നടപടികൾ, തിരിച്ചുനൽകൽ സമയക്രമം എന്നിവ വ്യക്തമായി രേഖപ്പെടുത്തണം.

മൂല്യനിർണയം – 30 ദിവസത്തെ ശരാശരി വിലയോ തലേദിവസത്തെ വിലയോ (IBJA/SEBI എക്‌സ്‌ചേഞ്ച് നിരക്ക്) എത്ര കുറവാണോ അതനുസരിച്ചായിരിക്കും. സ്വർണത്തിന്റെ തനത് മൂല്യം മാത്രം പരിഗണിക്കും.

ലേല നടപടി – ലേലത്തിന് മുമ്പ് ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കണം. ലേലത്തിന് കുറഞ്ഞ വില വിപണി മൂല്യത്തിന്റെ 90% ആയിരിക്കണം. രണ്ട് ലേലങ്ങൾ പരാജയപ്പെട്ടാൽ 85% വരെ കുറയ്ക്കാം. ലേലത്തിൽ നിന്നുള്ള അധിക തുക ഏഴ് ദിവസത്തിനുള്ളിൽ വായ്പയെടുത്തയാൾക്ക് തിരികെ നൽകണം.

പ്രാദേശിക ഭാഷ നിർദേശം – വായ്പാ കരാർ, നിബന്ധനകൾ, മൂല്യനിർണയ വിശദാംശങ്ങൾ വായ്പയെടുത്തയാളുടെ അഭ്യർത്ഥന പ്രകാരം പ്രാദേശിക ഭാഷയിൽ നൽകണം. നിരക്ഷരർക്കു സ്വതന്ത്ര സാക്ഷിയുടെ മുന്നിൽ വിശദീകരണം നൽകണം.

ഗോൾഡ് മെറ്റൽ ലോൺ (GML) – പുതുക്കിയ കരട് രൂപരേഖ

1998-ൽ ആഭരണ നിർമ്മാതാക്കൾക്ക് സഹായം നൽകാൻ ആരംഭിച്ച ഗോൾഡ് മെറ്റൽ ലോൺ പദ്ധതിയുടെ പരിഷ്‌കരിച്ച കരട് ആർബിഐ പുറത്തിറക്കി. ഗോൾഡ് മോണിറ്റൈസേഷൻ സ്‌കീമുമായി ബന്ധിപ്പിച്ചിരിക്കുന്ന പുതുക്കിയ പദ്ധതി കൂടുതൽ സുതാര്യതയും സൗകര്യവും ഉറപ്പുവരുത്തി ജ്വല്ലറികൾക്ക് വായ്പ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നാൽ ഉപഭോക്താക്കൾക്കും ആഭരണ വ്യവസായത്തിനും വായ്പാ ഇടപാടുകളിൽ കൂടുതൽ സുരക്ഷയും സുതാര്യതയും ലഭ്യമാകുമെന്ന് ആർബിഐ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിലെ ഈ പ്രമുഖ ബാങ്ക് എസ്എംഎസ് ഒടിപി നിർത്തലാക്കി, ഇടപാടുകൾ ഇനി ആപ്പിലൂടെ; കൂടുതൽ അറിയേണ്ടതെല്ലാം

യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി നവംബർ 1, 2025 മുതൽ എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി. (One-Time Password) ഒഴിവാക്കി, ബാങ്കിന്റെ ENBD X മൊബൈൽ ആപ്പിലൂടെ മാത്രം ഇടപാടുകൾ സ്ഥിരീകരിക്കുന്ന സംവിധാനത്തിലേക്ക് മാറുന്നു. ആദ്യ ഘട്ടത്തിൽ അക്കൗണ്ട് ട്രാൻസ്ഫറുകളും ചെറിയ മൂല്യമുള്ള അലർട്ടുകളും (100 ദിർഹം വരെ) ആപ്പ് മുഖേന സ്ഥിരീകരണം ആവശ്യമായിരിക്കും. തുടർ ഘട്ടങ്ങളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷൻ അലർട്ടുകളും ഇതേ രീതിയിൽ നടപ്പാക്കുമെന്ന് ബാങ്ക് അറിയിച്ചു. യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദേശ പ്രകാരമാണ് ഈ മാറ്റം വരുന്നത്. 2026 മാർച്ച് മാസത്തിനകം രാജ്യത്തെ എല്ലാ ബാങ്കുകളും എസ്.എം.എസ്/ഇമെയിൽ ഒ.ടി.പി. പൂർണമായും ഒഴിവാക്കണമെന്ന് സെൻട്രൽ ബാങ്ക് നിർദേശിച്ചിരിക്കുകയാണ്.

എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി.കളാണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾക്ക് വഴിവച്ചത്. സിം-സ്വാപ്പ്, എസ്.എം.എസ് ഇൻറർസെപ്ഷൻ, സോഷ്യൽ എഞ്ചിനീയറിംഗ് തുടങ്ങിയ ആക്രമണങ്ങളിലൂടെ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ അപകടത്തിലായിട്ടുണ്ട്.
എന്നാൽ ആപ്പ് അടിസ്ഥാനത്തിലുള്ള വെരിഫിക്കേഷൻ (പുഷ് നോട്ടിഫിക്കേഷൻ, ബയോമെട്രിക്‌സ്, സോഫ്റ്റ് ടോക്കൺ തുടങ്ങിയവ) ഇത്തരം അപകടങ്ങൾ കുറയ്ക്കുന്നു. ഉപഭോക്താവിന്റെ സ്വന്തം മൊബൈൽ ആപ്പിലൂടെയാണ് സ്ഥിരീകരണം നടക്കുന്നത്, പലപ്പോഴും വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയ അധിക സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുന്നത്. യുഎഇയിലെ മുഴുവൻ ബാങ്കുകളിലും അടുത്ത മാസം മുതൽ ഘട്ടംഘട്ടമായി ആപ്പ്-വെരിഫിക്കേഷനിലേക്കുള്ള മാറ്റം നടപ്പാക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു, യൂസഫലി ഒന്നാമത്

ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണം യാഥാർത്ഥ്യമാക്കിയത് യൂസഫലിയാണെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തെ മികച്ചതാക്കുന്ന ഘടകങ്ങളായി പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നത്: ഉൽപ്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തിയത്, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവയുടെ മികവ്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉന്നമന ശ്രമങ്ങള്‍, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവയാണ് റാങ്കിങിന് പരിഗണിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *