യുഎഇയില്‍ സ്വർണവിലയില്‍ കുതിപ്പ്, എക്കാലത്തെയും ഉയർന്ന നിരക്കിൽ

ദുബായിൽ ഇന്ന് (ചൊവ്വാഴ്ച) സ്വർണവില കുതിച്ചുയർന്ന് പുതിയ സർവകാല റെക്കോർഡ് സ്ഥാപിച്ചു. വിപണി തുറന്നപ്പോൾ തന്നെ ഗ്രാമിന് അഞ്ച് ദിർഹമിലധികം വില വർധിച്ചു. യുഎഇ സമയം രാവിലെ ഒന്‍പത് മണിക്ക്, 24 കാരറ്റ് സ്വർണം ഗ്രാമിന് 5.25 ദിർഹം വർധിച്ച് 466 ദിർഹമായി. തിങ്കളാഴ്ച വിപണി അവസാനിക്കുമ്പോൾ, ഇത് 460.75 ദിർഹമായിരുന്നു. സമാനമായി, 22 കാരറ്റ് സ്വർണം ഗ്രാമിന് 4.5 ദിർഹം വർധിച്ച് 431.25 ദിർഹമിൽ എത്തി. മറ്റ് വേരിയന്‍റുകളിൽ, 21 കാരറ്റ് സ്വർണം 413.75 ദിർഹമിലും 18 കാരറ്റ് സ്വർണം 354.5 ദിർഹമിലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തിൽ സ്പോട്ട് ഗോൾഡ് വില ഒരു ഔൺസിന് $3,864.39 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്, ഇത് ഏകദേശം ഒരു ശതമാനം വർധനവാണ്. യുഎസ് സർക്കാരിന്റെ പ്രവർത്തനം സ്തംഭിക്കാനുള്ള (ഗവൺമെന്റ് ഷട്ട്ഡൗൺ) സാധ്യതയെക്കുറിച്ചുള്ള ആശങ്കകളും, യുഎസ് പലിശ നിരക്കുകൾ ഇനിയും കുറയ്ക്കുമെന്ന വർദ്ധിച്ച പ്രതീക്ഷകളും കാരണം നിക്ഷേപകർ സുരക്ഷിത താവളമായ സ്വർണ്ണത്തിലേക്ക് തിരിയുന്നതാണ് ഡിമാൻഡ് വർദ്ധിക്കാൻ കാരണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എമിറേറ്റ്സ് വിമാനങ്ങളിൽ പവർ ബാങ്കുകളുടെ ഉപയോഗത്തിന് ഒക്ടോബർ ഒന്ന് മുതൽ വിലക്ക്

ഒക്ടോബർ ഒന്ന് (നാളെ) മുതൽ പവർ ബാങ്കുകളുടെ ഉപയോഗം നിരോധിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. യാത്രക്കാർക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പവർ ബാങ്ക് കൈയിൽ കരുതാൻ അനുമതിയുണ്ടെങ്കിലും, വിമാനത്തിനുള്ളിൽ വെച്ച് ഈ ഉപകരണങ്ങൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലെന്ന് എയർലൈൻ ആവർത്തിച്ചു വ്യക്തമാക്കി. ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി ഈ വർഷം ആദ്യം പ്രഖ്യാപിച്ച പുതിയ സുരക്ഷാ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് മുന്നോടിയായാണ് ഈ ഓർമ്മപ്പെടുത്തൽ. പുതിയ നിയമങ്ങൾ അനുസരിച്ച്: 100 വാട്ട് ഹവറിന് (Wh) താഴെയുള്ള ഒരു പവർ ബാങ്ക് മാത്രമേ ഒരു യാത്രക്കാരന് കൈയിൽ കരുതാൻ അനുമതിയുള്ളൂ. യാത്രക്കിടെ വ്യക്തിഗത ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കാൻ പാടില്ല. വിമാനത്തിലെ പവർ സപ്ലൈ ഉപയോഗിച്ച് പവർ ബാങ്കുകൾ ചാർജ് ചെയ്യാനും അനുമതിയില്ല. ഉപകരണങ്ങളിൽ അവയുടെ ശേഷി വ്യക്തമാക്കുന്ന ലേബൽ ഉണ്ടായിരിക്കണം. പവർ ബാങ്കുകൾ സീറ്റ് പോക്കറ്റിലോ സീറ്റിനടിയിലോ സൂക്ഷിക്കണം, ഓവർഹെഡ് ബിന്നുകളിൽ വെക്കാൻ പാടില്ല. ചെക്ക് ഇൻ ചെയ്യുന്ന ലഗേജിൽ പവർ ബാങ്കുകൾ ഇപ്പോഴും പൂർണ്ണമായി നിരോധിച്ചിരിക്കുന്നു. വിമാനത്തിലെ എല്ലാ സീറ്റുകളിലും ചാർജിങ് സൗകര്യം ലഭ്യമാണെന്ന് എമിറേറ്റ്സ് അറിയിച്ചു. എങ്കിലും, പ്രത്യേകിച്ചും ദീർഘദൂര യാത്രക്കാർ ബോര്‍ഡിങ്ങിന് മുന്‍പ് ഉപകരണങ്ങൾ പൂർണമായി ചാർജ് ചെയ്യാൻ എയർലൈൻസ് പ്രോത്സാഹിപ്പിക്കുന്നു. വിമാനയാത്രാ വ്യവസായത്തിൽ ലിഥിയം ബാറ്ററികൾ ഉൾപ്പെട്ട അപകട സംഭവങ്ങൾ വർധിച്ചതിനെ തുടർന്ന് നടത്തിയ വിശദമായ സുരക്ഷാ അവലോകനത്തിന് ശേഷമാണ് ഈ മാറ്റം വരുത്തുന്നതെന്ന് എയർലൈൻ പറയുന്നു. വിമാനത്തിനുള്ളിൽ വെച്ച് അവയുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനം, ബാറ്ററി തകരാറോ തീപിടിത്തമോ ഉണ്ടാകുന്ന അപൂർവ സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള പ്രതികരണം ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയാണെന്ന് എമിറേറ്റ്സ് ഊന്നിപ്പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിലെ ‘കച്ച പാര്‍ക്കിങ്’: മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് പിഴ

‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *