യുഎഇയില്‍ സ്ത്രീയെ ആക്രമിച്ച കേസ്; യുവാവ് 15,000 ദിർഹം നഷ്ടപരിഹാരം നൽകണം

സ്ത്രീയെ ആക്രമിച്ച കേസിൽ പുരുഷന് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി സിവിൽ ഫാമിലി കോടതി. ക്രിമിനൽ ശിക്ഷകൾക്ക് വിധേയമായ കേസുകളിൽ പോലും സിവിൽ ബാധ്യത നിലനിൽക്കുമെന്ന് അടിവരയിടുന്നതാണ് ഈ വിധി. കോടതി രേഖകൾ പ്രകാരം, തന്റെ വീടിന്റെ വാതിൽ തുറന്നപ്പോൾ പ്രതി അകത്തേക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു എന്ന് യുവതി മൊഴി നൽകി. ആവർത്തിച്ചുള്ള മർദനത്തിൽ അവർക്ക് ഗുരുതരമായി പരിക്കേറ്റു. ശാരീരികവും വൈകാരികവും മാനസികവുമായ ദോഷങ്ങൾക്കുൾപ്പെടെ 150,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും ആവശ്യപ്പെട്ട് യുവതി സിവിൽ കേസ് ഫയൽ ചെയ്തു. നേരത്തെ നടന്ന ക്രിമിനൽ നടപടികളിൽ, ഇയാൾ ആക്രമണത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി 5,000 ദിർഹം പിഴ ചുമത്തിയിരുന്നു. എന്നാൽ, ഭീഷണിപ്പെടുത്തൽ, വാക്കാലുള്ള അധിക്ഷേപം എന്നീ കുറ്റങ്ങളിൽ നിന്ന് ഇയാളെ ഒഴിവാക്കിയിരുന്നു. ഈ ആക്രമണം യുവതിക്ക് ആരോഗ്യപരമായും വൈകാരികമായും ദോഷമുണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. മറ്റുള്ളവർക്ക് ദോഷമുണ്ടാക്കുന്ന ഏതൊരു പ്രവൃത്തിക്കും ബാധ്യതയുണ്ടെന്ന് സ്ഥാപിക്കുന്ന യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമത്തിലെ 282-ാം വകുപ്പ് ഉദ്ധരിച്ച്, പ്രതി ക്രിമിനൽ ശിക്ഷ നേരിട്ടുകഴിഞ്ഞാലും നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥനാണെന്ന് കോടതി വിധിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു; കാലാവസ്ഥാ മാറ്റങ്ങള്‍ അറിയാം

യുഎഇയിൽ കൊടും ചൂടിന് ശമനമാകുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്ന് മുതൽ ചൂടുകാലം അവസാനിക്കും. പകൽ സമയങ്ങളിൽ ചൂട് പൂർണ്ണമായി കുറഞ്ഞിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ താപനില ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ തന്നെ രാത്രികാലങ്ങളിൽ സുഖകരമായ അന്തരീക്ഷമാണ് അനുഭവപ്പെടുന്നത്. ഏതാനും മാസങ്ങളായി കടുത്ത ചൂട് കാരണം ആളുകൾ പുറത്തുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, താപനില കുറയുന്നതോടെ ഡെസേർട്ട് സഫാരിക്കും ക്യാമ്പിംഗിനും ഇത് അനുയോജ്യമായ സമയമാണ്. സ്വന്തമായി ടെൻ്റ് കെട്ടിയും ഡെസേർട്ട് സഫാരി ക്യാമ്പിംഗിനായും പോകുന്ന ആളുകൾ ഏറെയാണ്. അതിനാൽ, ഇനി വരാനിരിക്കുന്ന എട്ട് മാസക്കാലം സഫാരി കമ്പനികൾക്ക് വലിയ വരുമാനം ഉണ്ടാക്കുന്ന സമയമായിരിക്കും. യുഎഇയിൽ ചൂടുകാലം അവസാനിച്ചതോടെ ഡെസേർട്ട് സഫാരിക്കുള്ള സമയമായി. വാക്കുകൾക്കതീതമായ മരുഭൂ സഫാരിയുടെ സൗന്ദര്യം നേരിട്ട് അനുഭവിച്ചറിയാൻ നിരവധി ടൂർ പാക്കേജുകൾ ലഭ്യമാണ്. ഡെസേർട്ട് സഫാരി പാക്കേജുകൾ: മോണിങ് ടൂർ: രാവിലെ 4.30 മുതൽ മരുഭൂമിയിലെ സൂര്യോദയം കാണാനുള്ള അവസരം. ഈവനിങ് ടൂർ: വൈകുന്നേരം 4 മുതൽ 6 വരെ റൈഡിന് മാത്രമായുള്ള പാക്കേജ്. ഡേ ടൂർ: ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെയുള്ള പാക്കേജിൽ ഡ്രൈവും ഭക്ഷണവും ഉൾപ്പെടുന്നു. ഓവർനൈറ്റ് ടൂർ: രാത്രി മരുഭൂമിയിലെ ടെന്റുകളിൽ തങ്ങാനുള്ള സൗകര്യം. സവിശേഷമായ അനുഭവങ്ങൾ: അതിരുകളില്ലാത്ത മരുഭൂമിയിലൂടെ എസ്.യു.വി. വാഹനങ്ങളിൽ മണൽക്കുന്നുകളിലേക്ക് കയറിയിറങ്ങിയുള്ള യാത്രയും, മണൽക്കാട്ടിലെ സൂര്യോദയവും അസ്തമയവും അവിസ്മരണീയമായ കാഴ്ചകളാണ്. ക്വാഡ് ബൈക്ക് റൈഡ്, ഒട്ടക സവാരി, ബെല്ലി ഡാൻസ്, തനൂറ ഡാൻസ്, ഫയർ ഡാൻസ് എന്നിവയും ടൂറിസ്റ്റ് പാക്കേജുകളുടെ ഭാഗമാണ്. യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ഗ്രൂപ്പ് ഒത്തുചേരലുകൾക്കും ആഘോഷങ്ങൾക്കും മരുഭൂമി തിരഞ്ഞെടുക്കുന്നത് പതിവാണ്. വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. മരുഭൂമിയിൽ ഡ്രൈവ് ചെയ്യാൻ പരിചയമുള്ളവരോടൊപ്പം മാത്രം യാത്ര ചെയ്യുക. വഴി അറിയാതെ വാഹനം കുടുങ്ങാനും വഴിതെറ്റി അലയാനും സാധ്യതയുണ്ട്. ആദ്യമായി പോകുന്നവർ പരിചയസമ്പന്നരായ ടൂർ കമ്പനികളുടെ സേവനം തേടുന്നത് സുരക്ഷിതമായിരിക്കും. ഹൃദ്രോഗികൾ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ, ചെറിയ കുട്ടികൾ എന്നിവർക്ക് ഡെസേർട്ട് സഫാരി അനുയോജ്യമല്ല. പാക്കേജുകളുടെ നിരക്കുകൾ: ടൂർ കമ്പനികൾ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അബുദാബിയിലെ ഒരു ടൂർ കമ്പനി നൽകുന്ന ഏകദേശ നിരക്കുകൾ താഴെക്കൊടുക്കുന്നു: സ്വന്തം വാഹനത്തിൽ വരുന്നവർക്ക്: 100 ദിർഹം. വാഹനം ആവശ്യമുള്ളവർക്ക്: 200 ദിർഹം. ബസിൽ ഗ്രൂപ്പായി വരുന്നവർക്ക്: 150 ദിർഹം. ഹോട്ടൽ ടൂറിസ്റ്റുകൾക്ക്: 300 ദിർഹം. ഡെസേർട്ട് സഫാരി മാത്രമാണെങ്കിൽ ദൈർഘ്യമനുസരിച്ച് 50 ദിർഹം മുതൽ പാക്കേജുകൾ ലഭ്യമാണ്.

യുഎഇ; ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു, 3 ദിവസം ദുഃഖാചരണം

ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ മസ്ജിദിൽ നടക്കും. അൽ ജബീൽ കബറിസ്ഥാനിലാണ് ഖബറടക്കം. ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ വിയോഗത്തിൽ ഷാർജയിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *