യുഎഇയിലും കാരിഫോർ ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടുമോ? വ്യക്തവരുത്തി കമ്പനി

ദുബായ്: യു.എ.ഇയിൽ തങ്ങളുടെ കാരിഫോർ (Carrefour) ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ നിലവിൽ യാതൊരു പദ്ധതികളുമില്ലെന്ന് പ്രമുഖ റീട്ടെയിൽ കമ്പനിയായ മജീദ് അൽ ഫുത്തൈം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കാരിഫോറിൻ്റെ പ്രവർത്തനങ്ങൾക്ക് പ്രത്യേകാവകാശം ലഭിച്ചിട്ടുള്ള കമ്പനിയാണ് മജീദ് അൽ ഫുത്തൈം.

അടുത്തിടെ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ജോർദാൻ എന്നീ നാല് രാജ്യങ്ങളിൽ കാരിഫോർ പ്രവർത്തനങ്ങൾ കമ്പനി അവസാനിപ്പിച്ചിരുന്നു. ദുബായ് ഐയുടെ ‘ബിസിനസ് ബ്രേക്ക്ഫാസ്റ്റ്’ എന്ന പരിപാടിയിൽ സംസാരിക്കവെ മജീദ് അൽ ഫുത്തൈം റീട്ടെയിൽ സി.ഇ.ഒ. ഗുന്തർ ഹെൽം ആണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തികപരമായ കാരണങ്ങളല്ല, മറിച്ച് ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾ നിറവേറ്റാനാണ് ഈ നാല് രാജ്യങ്ങളിലെ കാരിഫോർ സ്റ്റോറുകൾക്ക് പകരം പുതിയ ബ്രാൻഡായ ഹൈപ്പർമാക്സ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കാരിഫോർ അടച്ചുപൂട്ടിയ നാല് രാജ്യങ്ങളിലും ഹൈപ്പർമാക്സ് എന്ന പുതിയ ഹൈപ്പർമാർക്കറ്റ് ബ്രാൻഡ് കമ്പനി അവതരിപ്പിച്ചു. ഈ നാല് രാജ്യങ്ങളിലായി നിലവിൽ 60 ഹൈപ്പർമാക്സ് സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ പുതിയ ബ്രാൻഡ് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഉടൻ പദ്ധതിയില്ലെന്നും കമ്പനി അറിയിച്ചു.

ഒമാനിൽ 2025 ജനുവരിയിലും, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ ഈ മാസം ആദ്യം മുതലുമാണ് കാരിഫോർ പ്രവർത്തനം അവസാനിപ്പിച്ചത്. ജോർദാനിൽ കഴിഞ്ഞ വർഷം തന്നെ പ്രവർത്തനം നിർത്തിയിരുന്നു. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈപ്പർമാക്സ് എന്ന പുതിയ ബ്രാൻഡിന് തുടക്കം കുറിച്ചതെന്നും മജീദ് അൽ ഫുത്തൈം അറിയിച്ചു.
ക്യാപ്ഷൻ: യു.എ.ഇയിലെ കാരിഫോർ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു എന്ന വാർത്തകൾ തള്ളി മജീദ് അൽ ഫുത്തൈം. മറ്റ് നാല് ഗൾഫ് രാജ്യങ്ങളിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനാണെന്നും കമ്പനി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

വിലക്കിഴിവ് കണ്ട് ഈ ലിങ്കുകളിൽ പോയി ക്ലിക്ക് ചെയ്ത് പണി വാങ്ങല്ലേ! മുന്നറിയിപ്പുമായി യുഎഇ പൊലീസ്

ദുബായ്: ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് ‘വിലക്കിഴിവ്’ വാഗ്ദാനം ചെയ്ത് ഓൺലൈനിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന വ്യാജ ലിങ്കുകൾക്കെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കാൻ ലക്ഷ്യമിട്ടുള്ള തട്ടിപ്പാണിത്. തട്ടിപ്പുകാർ ഔദ്യോഗിക വെബ്സൈറ്റുകളെ അതേപടി അനുകരിച്ച് വ്യാജ വെബ്സൈറ്റുകൾ ഉണ്ടാക്കിയാണ് ആളുകളെ കബളിപ്പിക്കുന്നത്.

ഗ്ലോബൽ വില്ലേജ് ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡ് ഉള്ളതിനാൽ എല്ലാ വർഷവും ഇത്തരം തട്ടിപ്പുകൾ ഉണ്ടാകാറുണ്ടെന്ന് പോലീസ് അറിയിച്ചു. ഒക്ടോബർ 15-ന് ഗ്ലോബൽ വില്ലേജ് സീസൺ 30-ന് തുടക്കമാകും. ടിക്കറ്റുകളും വിഐപി പാക്കുകളും ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, അല്ലെങ്കിൽ അംഗീകൃത വിതരണക്കാർ എന്നിവയിലൂടെ മാത്രമേ വാങ്ങാവൂ എന്ന് അധികൃതർ വ്യക്തമാക്കി. പുതിയ സീസണിലെ വിഐപി പാക്കുകൾ കൊക്ക-കോള അരീനയുടെ വെബ്സൈറ്റ് വഴി മാത്രമാണ് വിൽപ്പന നടത്തുന്നത്.

സീസൺ 30-ലെ വിഐപി പാക്കുകളുടെ വിൽപ്പന സെപ്റ്റംബർ 20-ന് പ്രീ-ബുക്കിംഗിലൂടെ ആരംഭിക്കുമെന്നും, സെപ്റ്റംബർ 27-ന് പൊതു വിൽപ്പന തുടങ്ങുമെന്നും ഗ്ലോബൽ വില്ലേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ വില 1,800 ദിർഹം മുതൽ 7,550 ദിർഹം വരെയാണ്. കൂടാതെ, ഒരു ഭാഗ്യശാലിയ്ക്ക് 30,000 ദിർഹമിന്റെ ചെക്ക് സമ്മാനമായി ലഭിക്കും.

വ്യാജ സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെ വൻ ‘വിലക്കിഴിവുകൾ’ വാഗ്ദാനം ചെയ്ത് ദുബായിലെ താമസക്കാരെ ലക്ഷ്യമിട്ട് നിരവധി തട്ടിപ്പുകളാണ് അടുത്ത കാലത്ത് നടന്നത്. ഇവയിൽ, പിഴകൾക്കും യൂട്ടിലിറ്റി ബില്ലുകൾക്കും ഡിസ്കൗണ്ട്, സ്പോർട്സ് മത്സരങ്ങൾക്കും സംഗീത കച്ചേരികൾക്കുമുള്ള വ്യാജ ടിക്കറ്റ് ഓഫറുകൾ എന്നിവ ഉൾപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പലർക്കും 1,000-1,500 ദിർഹം വരെ നഷ്ടപ്പെട്ടിട്ടുണ്ട്.

തട്ടിപ്പുകാർ വ്യാജ വെബ്സൈറ്റുകൾക്ക് ഔദ്യോഗിക ലോഗോകളും, ബ്രാൻഡഡ് ചിത്രങ്ങളും, യഥാർത്ഥ വെബ്സൈറ്റുകളുമായി സാമ്യമുള്ള URL-കളും ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കുന്നു. പണം ലഭിച്ചുകഴിഞ്ഞാൽ ഇവർ അപ്രത്യക്ഷരാവുകയാണ് പതിവ്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, തട്ടിപ്പുകൾ e-Crime പ്ലാറ്റ്‌ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

യുഎഇയിൽ വീടിന്റെ പരിസരത്ത് നിറയെ പാമ്പുകൾ; ആശങ്കയിൽ താമസക്കാർ, പാമ്പ് കെണികൾ സ്ഥാപിച്ച് അധികൃതർ

ദുബായ്: ദുബായ് വെസ്റ്റിലെ റെംറാം കമ്യൂണിറ്റിയിൽ കെട്ടിടങ്ങൾക്കുള്ളിലും പരിസരത്തും പാമ്പുകളെ കണ്ടെത്തിയതിനെത്തുടർന്ന് താമസക്കാർ കനത്ത ജാഗ്രതയിൽ. കുട്ടികളടക്കമുള്ളവർക്ക് രക്ഷിതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ പാമ്പുകളെ കണ്ടതായി താമസക്കാർ പറയുന്നു.

അൽ റംത്ത് ക്ലസ്റ്ററിലെ ചില താമസക്കാർ വാതിൽപ്പടിയിലും ബാൽക്കണിയിലുമായി പാമ്പുകളെ കണ്ടതായി പറയുന്നു. ഇവയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദുബായ് മുനിസിപ്പാലിറ്റി അടിയന്തരമായി ഇടപെട്ടു. പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.

ഒരു പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും പാമ്പ് കെണികളും പ്രതിരോധ മാർഗങ്ങളും സ്ഥാപിച്ചതായും അധികൃതർ വ്യക്തമാക്കി. സമീപത്തുള്ള നിർമാണ പ്രവർത്തനങ്ങളാണ് പാമ്പുകൾ ഇവിടെയെത്താൻ കാരണമെന്ന് താമസക്കാർ പലരും വിശ്വസിക്കുന്നു. നിർമാണ സ്ഥലങ്ങളുടെ സമീപം സാധനങ്ങൾ കൂട്ടിയിടുന്നതിനാൽ പാമ്പുകളെത്താൻ സാധ്യതയുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റിയും സമ്മതിച്ചു.

മുനിസിപ്പാലിറ്റിയും ഡെവലപർമാരും ചേർന്ന് അധിക കെണികൾ സ്ഥാപിക്കുക, മാലിന്യങ്ങൾ നീക്കം ചെയ്യുക, നിരന്തരമായ നിരീക്ഷണം നടത്തുക തുടങ്ങിയ പ്രതിവിധികൾ സ്വീകരിക്കുന്നുണ്ട്. പൊതുജനാരോഗ്യം, സുരക്ഷ എന്നിവ ഉറപ്പുവരുത്താൻ മുനിസിപ്പാലിറ്റി പ്രതിജ്ഞാബദ്ധമാണെന്നും താമസക്കാർക്കും ഡെവലപർമാർക്കും ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

തിരുമ്പി വന്തിട്ടേൻ! ഫോബ്സ് റിയൽ ടൈം പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി, ആസ്തി എത്രയെന്ന് അറിയേണ്ടേ?

ദുബായ് ∙ ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ ഫോബ്സ് റിയൽ ടൈം പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വീണ്ടും ഒന്നാമതെത്തി. 61,600 കോടി രൂപ (7 ബില്യൺ ഡോളർ) ആസ്തിയുള്ള യൂസഫലി ആഗോള പട്ടികയിൽ 547–ാം സ്ഥാനത്താണ്. കഴിഞ്ഞയാഴ്ച ജോയ് ആലുക്കാസിനു പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണിത്.

കഴിഞ്ഞ വാരം ഫോബ്സ് പട്ടികയിൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് ആയിരുന്നു ഏറ്റവും സമ്പന്നനായ മലയാളി. അന്ന് 6.7 ബില്യൺ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയോടെ അദ്ദേഹം പട്ടികയിൽ ഇടം നേടിയിരുന്നു. അതേസമയം, യൂസഫലിയുടെ ആസ്തി 5.4 ബില്യൺ ഡോളർ (ഏകദേശം 47,500 കോടി രൂപ) ആയിരുന്നു. എന്നാൽ, ഒരാഴ്ചയ്ക്കിപ്പുറം യൂസഫലി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ലോകത്തിലെയും ഇന്ത്യയിലെയും അതിസമ്പന്നർ

ആഗോള തലത്തിൽ ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്കാരിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാമത്. അദ്ദേഹത്തിന്റെ ആസ്തി 106.1 ബില്യൺ ഡോളറാണ്. ഗൗതം അദാനി 64.1 ബില്യൺ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്.

കേരളത്തിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങൾ

ലോകമെമ്പാടും ബിസിനസ് ശൃംഖലയുള്ള ലുലു ഗ്രൂപ്പ് കേരളത്തിലും വലിയ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ ലുലു മാളുകൾ പ്രവർത്തിക്കുന്നു. കൂടാതെ, കൊച്ചി ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിൽ 500 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ലുലു ഒരുങ്ങുന്നുണ്ട്. അടുത്തിടെ കൊച്ചിയിൽ ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറുകൾ തുറന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി ടവറുകളിലൊന്നാണ്.

കൊച്ചിയിൽ ലുലു മാളിന് പുറമെ, ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ, ഗ്രാൻഡ് ഹയാത്, മാരിയറ്റ്, വി.പി.എസ് ലേക് ഷോർ ഹോസ്പിറ്റൽ, ട്രിബ്യൂട്ട് പോർട്ഫോളിയോ ബൈ മാരിയറ്റ്, എമ്മേ ലോജിസ്റ്റിക്സ് പാർക്ക് തുടങ്ങിയ നിരവധി നിക്ഷേപങ്ങളും ലുലു ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

മറ്റ് പ്രമുഖ മലയാളികൾ

ഫോബ്സ് പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ മലയാളികൾ ഇവരാണ്:

ജോയ് ആലുക്കാസ് (ജോയ് ആലുക്കാസ് ഗ്രൂപ്പ്) – 754-ാം സ്ഥാനം

സണ്ണി വർക്കി (ജെംസ് എജുക്കേഷൻ) – 4 ബില്യൺ ഡോളർ

രവി പിള്ള (ആർ.പി. ഗ്രൂപ്പ്) – 4 ബില്യൺ ഡോളർ

ടി.എസ്. കല്യാണരാമൻ (കല്യാണ ജ്വല്ലേഴ്‌സ്) – 3.6 ബില്യൺ ഡോളർ

പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്പ്) – 3.6 ബില്യൺ ഡോളർ

ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) – 3.5 ബില്യൺ ഡോളർ

രമേശ് കുഞ്ഞിക്കണ്ണൻ (കെയ്ൻസ് ഗ്രൂപ്പ്) – 3 ബില്യൺ ഡോളർ

മുത്തൂറ്റ് ഫിനാൻസ് പ്രൊമോട്ടർമാർ – 2.6 ബില്യൺ ഡോളർ

ഡോ. ഷംഷീർ വയലിൽ (ബുർജീൽ ഹോൾഡിങ്സ്) – 1.9 ബില്യൺ ഡോളർ

എസ്.ഡി. ഷിബുലാൽ (ഇൻഫോസിസ്) – 1.9 ബില്യൺ ഡോളർ

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി (വി-ഗാർഡ് ഗ്രൂപ്പ്) – 1.4 ബില്യൺ ഡോളർ

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

‘തങ്ങളിൽ ആരെ തൊട്ടാലും ഒന്നിച്ച് പ്രതിരോധിക്കും,’ സൗദിയും പാക്കിസ്താനും നിർണായക കരാറിലൊപ്പുവെച്ചു, പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് ഇന്ത്യ

നിർണ്ണയ പ്രതിരോധ കരാറിലൊപ്പുവെച്ചു സൗദിയും പാക്കിസ്താനും. ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഏ​തെങ്കിലും​ വെല്ലുവിളികൾക്കെതിരെ സംയുക്ത പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പാകിസ്താൻ വിദേശകാര്യ മന്ത്രാലയവും സൗദി പ്രസ് ഏജൻസിയും പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് വ്യക്തമാക്കിയത്. എന്നാൽ സൗദി അറേബ്യയും പാകിസ്ഥാനും ഒപ്പുവച്ച പ്രതിരോധ കരാറിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. വിഷയം നേരത്തെ സർക്കാറിന്റെ പരിഗണനയിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്‍വാൾ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായുള്ള നീക്കുപോക്കുകളെ ഔപചാരികമാക്കാനുള്ള നീക്കത്തെ പറ്റി സർക്കാറിന് അറിയാമായിരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കും പ്രാദേശിക, ആഗോള സ്ഥിരതക്കും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠിക്കും. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമഗ്രമായ സുരക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.’ -ജെയ്സ്‍വാൾ പറഞ്ഞു

തങ്ങളിൽ ആർക്കെങ്കിലുമെതിരെ നടക്കുന്ന ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ വ്യവസ്ഥയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പാക് പ്രധാനമന്ത്രി ഷെഹബാസ് ശെരീഫുമാണ് കരാറിലൊപ്പിട്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/C0j9viTApMjB2jFxzsWXTN?mode=ems_copy_t

Comments

Leave a Reply

Your email address will not be published. Required fields are marked *