ജിം, സിമ്മിം​ഗ് പൂൾ, ക്ലിനിക്ക്.. സൗകര്യങ്ങളേറെയുണ്ട്; യുഎഇയിൽ പുതിയ മാൾ വരുന്നു

അൽഐൻ: അൽഐനിലെ അൽ ഖുവായിൽ പുതിയ വാണിജ്യ സമുച്ചയം നിർമ്മിക്കുന്നു. 3,900 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ‘അൽ വാദി കൊമേഴ്‌സ്യൽ കോംപ്ലക്സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സമുച്ചയത്തിൽ ഷോപ്പുകൾ, വിനോദ സ്ഥാപനങ്ങൾ, ക്ലിനിക്ക് എന്നിവയെല്ലാം ഉണ്ടാകുമെന്ന് അൽഐൻ മുനിസിപ്പാലിറ്റി എക്സിൽ (മുൻപ് ട്വിറ്റർ) പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.

പുതിയ വാണിജ്യ സമുച്ചയത്തിൽ ഒരു ബേസ്മെന്റും രണ്ട് നിലകളുമുണ്ടാകും. വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും കിയോസ്കുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും.കൂടാതെ, കുടുംബങ്ങൾക്ക് വേണ്ട വിനോദ സൗകര്യങ്ങളും ഇവിടെ ഒരുക്കും. കുട്ടികൾക്കായി പ്രത്യേക കളിസ്ഥലവും നൂതനമായ എക്സിബിഷൻ ഏരിയയും ഉണ്ടാകും.

വാണിജ്യ സമുച്ചയത്തിന്റെ മറ്റൊരു പ്രധാന സവിശേഷത ആരോഗ്യ സംരക്ഷണത്തിനായുള്ള സൗകര്യങ്ങളാണ്. 558 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു ക്ലിനിക്ക് ഇവിടെ ആരംഭിക്കാൻ പദ്ധതിയുണ്ട്. അതുകൂടാതെ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ജിമ്മുകളും സ്വിമ്മിങ് പൂളും ഇവിടെ ഉണ്ടാകും.

ഒന്നാം നിലയിൽ കമ്പനികൾക്കും സംരംഭകർക്കും അനുയോജ്യമായ ഏഴ് ആധുനിക ഓഫീസുകളും ഉണ്ടാകുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. 2026-ന്റെ ആദ്യ പാദത്തിൽ ഈ പുതിയ സമുച്ചയം പ്രവർത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *