ദുബായിൽ ഒരു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന കേസിൽ പ്രതികളായ രണ്ട് സ്വദേശികളെയും കോടതി വെറുതെ വിട്ടു. കീഴ്ക്കോടതിയുടെ ഈ വിധി അപ്പീൽ കോടതിയും ശരിവെക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ നൽകിയ അപ്പീൽ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ തീരുമാനം.
കേസിലെ പ്രധാന പ്രതി യുവതിയെ പ്രലോഭിപ്പിച്ച് ദുബായിലെ അൽ തായ് പ്രദേശത്തുള്ള മറ്റൊരു പ്രതിയുടെ ഫാമിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് ആരോപണം. യുവതിയെ ഭീഷണിപ്പെടുത്തി ബലമായി തടങ്കലിൽ വെച്ചെന്നും, ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. പീഡനവുമായി ബന്ധപ്പെട്ട് യുവതിയുടെ ശരീരത്തിൽ ചെറിയ പരിക്കുകൾ ഉള്ളതായി ഫോറൻസിക് റിപ്പോർട്ടിലുമുണ്ടായിരുന്നു. രണ്ടാമത്തെ പ്രതി പീഡനത്തിന് കൂട്ടുനിന്നതായും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
യു.എ.ഇ. നിയമപ്രകാരം തട്ടിക്കൊണ്ടുപോകൽ, ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇവർക്ക് ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം.
നേരത്തെ, ജൂണിൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതികളെ വെറുതെ വിടുകയും യുവതിയുടെ സിവിൽ ക്ലെയിം തള്ളിക്കളയുകയും ചെയ്തിരുന്നു. കൂടാതെ, കോടതിച്ചെലവായി 2000 ദിർഹം നിയമ ഫീസായി നൽകാനും യുവതിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രോസിക്യൂഷൻ അപ്പീൽ നൽകുകയായിരുന്നു.
അപ്പീൽ കോടതി കേസ് ഫയലുകൾ വിശദമായി പരിശോധിക്കുകയും പ്രോസിക്യൂഷൻ്റെ വാദം കേൾക്കുകയും ചെയ്ത ശേഷം, പ്രതികൾ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ലഭ്യമല്ലെന്ന് വ്യക്തമാക്കി. ക്രിമിനൽ കുറ്റങ്ങൾ തെളിയിക്കുന്നതിന് വ്യക്തമായ തെളിവുകൾ ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതെ വിട്ട കീഴ്ക്കോടതിയുടെ വിധി അപ്പീൽ കോടതിയും ശരിവെച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply