ഷാർജ: സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഷാർജ പോലീസ് നൂതന പദ്ധതിയുമായി രംഗത്ത്. ബസിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ‘ചുവപ്പ് ബട്ടൺ’ (Red Button) വഴി അടിയന്തര സാഹചര്യങ്ങളിൽ പോലീസിൻ്റെ സഹായം നേരിട്ട് ലഭ്യമാകുന്ന ‘മാഅമാൻ’ (Ma’aman) എന്ന പുതിയ സേവനത്തിനാണ് തുടക്കമിട്ടത്. ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുമായി സഹകരിച്ചാണ് ഈ സുരക്ഷാ പദ്ധതി നടപ്പാക്കുന്നത്.
അപകടങ്ങൾ, വൈദ്യസഹായം ആവശ്യമുള്ള അടിയന്തര സാഹചര്യങ്ങൾ, അല്ലെങ്കിൽ ബസ് വഴിയിൽ തകരാറിലാകുക തുടങ്ങിയ ഘട്ടങ്ങളിൽ ബസിലെ ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും ഈ ബട്ടൺ ഉപയോഗിക്കാം.
ബട്ടൺ അമർത്തുന്നതോടെ, ബസിന്റെ കൃത്യമായ സ്ഥാനം ഉൾപ്പെടെയുള്ള വിവരങ്ങൾ ഷാർജ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് തത്സമയം ലഭിക്കും. തുടർന്ന്, പോലീസ് കൺട്രോൾ റൂമിൽ നിന്ന് ബസ് സൂപ്പർവൈസറുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിലയിരുത്തുകയും, ഒപ്പം പോലീസ് പട്രോൾ സംഘത്തെ വേഗത്തിൽ സംഭവസ്ഥലത്തേക്ക് അയക്കുകയും ചെയ്യും.
ഓരോ നിമിഷവും നിർണായകമായ അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം സഹായമെത്തിക്കാൻ ഈ സംവിധാനം സഹായിക്കും. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഷാർജയിൽ നടപ്പാക്കിയ ഈ സുരക്ഷാ സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply