അബുദാബി: യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പ്രമേഹം, രക്തസമ്മർദ്ദം, ആസ്മ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാർഥികൾക്ക് സ്കൂൾ സമയങ്ങളിൽ മരുന്ന് നൽകുന്നതിനാണ് രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ആരോഗ്യമന്ത്രാലയം പുതിയ ചട്ടങ്ങൾ നൽകിയത്. വിദ്യാർത്ഥികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുകയാണ് ഈ നീക്കത്തിൻ്റെ പ്രധാന ലക്ഷ്യം.
വിട്ടുമാറാത്ത രോഗങ്ങളുള്ള കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ രക്ഷിതാക്കൾ സ്കൂൾ അധികൃതർക്ക് കൃത്യമായി നൽകണം.രോഗവിവരം, ആവശ്യമെങ്കിൽ നൽകേണ്ട മരുന്നുകളുടെ പേര്, ഡോസേജ്, സമയം എന്നിവ ഉൾപ്പെടെയുള്ള മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കണം. മാതാപിതാക്കളുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ കുട്ടികൾക്ക് ആരോഗ്യ സേവനങ്ങളോ മരുന്നുകളോ നൽകില്ല.ആന്റിബയോട്ടിക്, ഇൻസുലിൻ തുടങ്ങിയ മരുന്നുകൾ സ്കൂൾ സമയത്ത് നൽകേണ്ടതുണ്ടെങ്കിൽ, ഡോക്ടറുടെ കുറിപ്പടിയോടൊപ്പം മരുന്നുകൾ സ്കൂൾ ക്ലിനിക്കിൽ ഏൽപ്പിക്കണം. യഥാർത്ഥ പാക്കറ്റിൽ, കൃത്യമായി ലേബൽ ചെയ്ത മരുന്നുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.സ്കൂളിൽ വെച്ച് മരുന്ന് സംഭരിക്കുന്നതിനും നൽകുന്നതിനും അനുമതി നൽകുന്ന സമ്മതപത്രം രക്ഷിതാക്കൾ ഒപ്പിട്ട് നൽകണം. ഈ സമ്മതപത്രമില്ലാതെ മരുന്നുകൾ വിദ്യാർത്ഥികൾക്ക് ബാഗിൽ സൂക്ഷിക്കാൻ അനുവാദമില്ല.കായിക പരിശീലനം അല്ലെങ്കിൽ സ്കൂൾ അസംബ്ലിയിൽ നിന്ന് ഇളവ് ആവശ്യമുള്ള വിദ്യാർത്ഥികൾ അത് സ്ഥിരീകരിക്കുന്ന മെഡിക്കൽ റിപ്പോർട്ടും സമർപ്പിക്കണം. ഇത്തരത്തിലാണ് പുതിയ നിർദേശങ്ങളിൽ പ്രധാനമായും പറയുന്ന കാര്യങ്ങൾ
പുതിയ നിയമങ്ങൾ വിദ്യാർഥികളുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കാൻ സ്കൂളുകളെ സഹായിക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മാതാപിതാക്കളുടെ പൂർണ്ണ സഹകരണം ആവശ്യമാണെന്നും അധികൃതർ അഭ്യർത്ഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply