ജീവനക്കാരി കാർ വിറ്റ് പണം കൈക്കലാക്കിയെന്ന് പരാതി; തെളിവില്ലെന്ന്​ യുഎഇ കോടതി

അബൂദബി: പവർ ഓഫ് അറ്റോർണി ദുരുപയോഗം ചെയ്ത് തന്റെ കാർ വിറ്റഴിക്കുകയും പണം കൈവശം വെക്കുകയും ചെയ്തു എന്നാരോപിച്ച് വനിതാ സംരംഭക നൽകിയ കേസ് അബൂദബി സിവിൽ ഫാമിലി കോടതി തള്ളി. പരാതിക്കാരിക്ക് ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തതിനാലാണ് കോടതിയുടെ ഈ തീരുമാനം.

തന്റെ ജീവനക്കാരിയുടെ പേരിൽ നൽകിയിരുന്ന പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് 1,10,000 ദിർഹം വിലവരുന്ന തന്റെ കാർ വിറ്റഴിച്ചശേഷം, ആ തുക തിരികെ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനിതാ സംരംഭക കോടതിയെ സമീപിച്ചത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം നൽകിയില്ലെന്നും അവർ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ജീവനക്കാരി ഈ ആരോപണങ്ങളെ നിഷേധിച്ചു. വാഹനം വിറ്റ വകയിൽ തനിക്ക് പണം ലഭിച്ചിട്ടില്ലെന്നും, താൻ ദുബൈയിൽ താമസിക്കുന്നതിനാൽ ഈ കേസ് അബൂദബി കോടതിയുടെ പരിധിയിൽ വരില്ലെന്നും അവർ വാദിച്ചു. എങ്കിലും, കാർ വിൽപന നടന്നത് അബൂദബിയിലായതിനാൽ കേസ് പരിഗണിക്കാൻ അബൂദബി കോടതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.

തുടർന്ന് കോടതി ഒരു സാങ്കേതിക വിദഗ്ധനെ നിയമിച്ച് കാർ വിൽപനയുമായി ബന്ധപ്പെട്ട രേഖകൾ വിശദമായി പരിശോധിച്ചു. ‘താം ഡിജിറ്റൽ സർവീസ് പ്ലാറ്റ്‌ഫോം’ വഴിയാണ് കാർ വിറ്റതെന്നും, അതിന് വനിതാ സംരംഭകയുടെ ഡിജിറ്റൽ അംഗീകാരം ഉണ്ടായിരുന്നുവെന്നും വിദഗ്ദ്ധൻ കണ്ടെത്തി. ഈ ഇടപാടിൽ ജീവനക്കാരി ഇടപെട്ടു എന്നതിന് തെളിവുകളൊന്നും ഇല്ലെന്നും കോടതിക്ക് ബോധ്യമായി.

ഇതിന്റെ അടിസ്ഥാനത്തിൽ, കേസ് തള്ളിയ കോടതി പരാതിക്കാരിയോട് കോടതിച്ചെലവ് മുഴുവൻ വഹിക്കാൻ ഉത്തരവിട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *