അജ്മാൻ: പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ അജ്മാനിൽ ഇനിമുതൽ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. അപകടകരവും ഉയർന്ന ജ്വലനശേഷിയുള്ളതുമായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ജനവാസ മേഖലകളിലോ, അധികൃതർ നിശ്ചയിക്കാത്ത സ്ഥലങ്ങളിലോ പാർക്ക് ചെയ്യുന്നത് പൂർണ്ണമായി നിരോധിച്ചുകൊണ്ട് അജ്മാൻ സുപ്രീം എനർജി കമ്മിറ്റി പുതിയ നിയമം പുറത്തിറക്കി.
പുതിയ നിയമമനുസരിച്ച്, പെട്രോൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലോ, അതിനായി നിർണ്ണയിക്കപ്പെടാത്ത സ്ഥലങ്ങളിലോ പാർക്ക് ചെയ്യാനോ നിർത്താനോ പാടില്ല. നിയമലംഘനങ്ങൾ കണ്ടെത്താനും രേഖപ്പെടുത്താനും സുപ്രീം എനർജി കമ്മിറ്റിക്ക് കീഴിലുള്ള ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പിഴകളും ശിക്ഷകളും
ആദ്യ നിയമലംഘനം: 5,000 ദിർഹം പിഴ.
ആവർത്തിച്ചുള്ള നിയമലംഘനം: 10,000 ദിർഹം പിഴ.
മൂന്നാം തവണയും നിയമം ലംഘിച്ചാൽ: 20,000 ദിർഹം പിഴ ചുമത്തും. കൂടാതെ വാഹനം കണ്ടുകെട്ടുകയും, മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് ലേലത്തിൽ വിൽക്കുകയും ചെയ്യും.
ലൈസൻസുള്ള സ്ഥാപനങ്ങൾ നിയമം പാലിക്കാത്തപക്ഷം, അവരുടെ പെട്രോളിയം ട്രേഡിംഗ് പെർമിറ്റ് റദ്ദാക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്യാനുള്ള അധികാരം സുപ്രീം എനർജി കമ്മിറ്റിക്കുണ്ടാകും. ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉടൻതന്നെ വാഹനം അവിടെനിന്ന് മാറ്റും. ഇതിനുള്ള ചെലവ് സ്ഥാപന ഉടമയിൽ നിന്ന് ഈടാക്കും. ഈ തീരുമാനം പുറത്തിറക്കി 30 ദിവസത്തിനകം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply