ചുട്ടുപൊള്ളുന്ന വെയിലത്ത് ജോലി ചെയ്യുന്നതിനിടെ, അപ്രതീക്ഷിതമായി സൈറ്റിലേക്ക് മാനേജിങ് ഡയറക്ടർ കാറിൽ വന്നിറങ്ങുന്നത് കണ്ട് തൊഴിലാളികൾ ആദ്യം അമ്പരന്നു. എന്നാൽ, കൈയ്യിൽ കേക്കും സ്മാർട്ട്ഫോണുമായി പുഞ്ചിരിച്ചെത്തിയ തൊഴിലുടമ ഹസീന നിഷാദിനെ കണ്ടപ്പോൾ ആ അമ്പരപ്പ് സന്തോഷത്തിന് വഴിമാറി. ആ ദിവസം തന്റെ പിറന്നാളാണെന്ന് പോലും മറന്നുപോയ യുപി സ്വദേശി അഖിലേഷിന് സർപ്രൈസ് നൽകുകയായിരുന്നു ഷാർജ ആസ്ഥാനമായുള്ള വേൾഡ് സ്റ്റാർ ഹോൾഡിങ്‌സ് മാനേജിങ് ഡയറക്ടറായ കണ്ണൂർ സ്വദേശിനി ഹസീന. താൻ നിൽക്കുന്ന സൈറ്റിലേക്ക് നേരിട്ടെത്തി ‘ഹാപ്പി ബർത്ത് ഡേ’ പറഞ്ഞ് കേക്കും ഫോണും സമ്മാനിച്ചപ്പോൾ അഖിലേഷിന്റെ കണ്ണുകൾ നിറഞ്ഞു. ദരിദ്രമായ കുടുംബ പശ്ചാത്തലമുള്ളതിനാൽ നാട്ടിലായിരുന്നപ്പോഴും താൻ പിറന്നാൾ ആഘോഷിച്ചിട്ടില്ലെന്ന് പറഞ്ഞു. യാദൃശ്ചികമെന്ന് പറയട്ടെ, ഹസീനയുടെയും പിറന്നാൾ അതേ ദിവസമായിരുന്നു. ഈ ഹൃദയസ്പർശിയായ നിമിഷങ്ങളുടെ വീഡിയോ ഹസീന തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്.
പിറന്നാൾ സമ്മാനം ആദ്യമായി കിട്ടിയതിന്റെ സന്തോഷത്തിൽ തൊഴിലാളികൾ
കമ്പനിയിൽ അന്ന് പിറന്നാൾ ആഘോഷിക്കാൻ ഉണ്ടായിരുന്നത് 12 തൊഴിലാളികളാണ്. ഇതിൽ 25നും 50നും ഇടയിൽ പ്രായമുള്ളവരുമുണ്ടായിരുന്നു. മിക്ക തൊഴിലാളികളും തങ്ങളുടെ പിറന്നാൾ ദിനമാണെന്ന് ഓർക്കുന്നത് പോലും ഈ സർപ്രൈസിലൂടെയാണ്. പകൽ സമയത്ത് ജോലി ചെയ്യുന്നവർ സൈറ്റിൽ വെച്ചും, നൈറ്റ് ഡ്യൂട്ടിയിലുള്ളവർ താമസ സ്ഥലത്തും കേക്ക് മുറിച്ച് ആഘോഷിച്ചു. ഈ ആഘോഷങ്ങളിൽ ഹസീന നേരിട്ട് പങ്കെടുത്തത് അവർക്ക് വലിയ സന്തോഷം നൽകി. തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ ഹസീന എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ട്. കഴിഞ്ഞ വർഷങ്ങളിലും പിറന്നാൾ, മറ്റ് വിശേഷാവസരങ്ങൾ എന്നിവയിൽ ജീവനക്കാർക്ക് വിദേശയാത്ര ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയിരുന്നു. മുൻപ് ഒരു പിറന്നാൾ ദിനത്തിൽ 50 ഡെലിവറി ബോയ്സിന് നൽകിയ സമ്മാനങ്ങളും ശ്രദ്ധേയമായിരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഹസീന നിഷാദ് തൊഴിലുടമ-തൊഴിലാളി ബന്ധത്തിൽ ഒരു പുതിയ മാതൃക തീർക്കുകയാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Reply