
യുഎഇയിൽ മരണപ്പെട്ട അതുല്യയുടെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ? മരിച്ചത് കഴുത്ത് ഞെരിഞ്ഞ്; ശരീരത്തിൽ 46 മുറിവുകൾ; റീ പോസ്റ്റുമോർട്ടം റിപ്പോർട്ട്
ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തിൽ ദുരൂഹതകൾ വർധിപ്പിച്ച് റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണം കഴുത്ത് ഞെരിഞ്ഞാണെന്നും ഇത് കൊലപാതകമോ ആത്മഹത്യയോ ആകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതുല്യയുടെ ശരീരത്തിൽ ചെറുതും വലുതുമായി 46 മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ മുറിവുകളിൽ പലതിനും മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് മുതൽ ഒരാഴ്ച വരെ പഴക്കമുണ്ട്. ഭർത്താവ് സതീഷ് അതുല്യയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ഇത് പഴയ സംഭവമാണെന്നായിരുന്നു സതീഷിന്റെ പറഞ്ഞിരുന്നത്. ക്രൈംബ്രാഞ്ച് ഇപ്പോഴും മരണത്തെ ആത്മഹത്യയായാണ് കാണുന്നതെങ്കിലും, റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സതീഷിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ എടുക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കഴിഞ്ഞ ജൂലൈ 19നാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷിന് സംശയരോഗമുണ്ടായിരുന്നെന്നും അതുല്യയെ മറ്റാരുമായും സംസാരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. 2011-ലാണ് അതുല്യയും സതീഷും വിവാഹിതരായത്. സതീഷ് അമിതമായി മദ്യപിക്കാൻ തുടങ്ങിയതോടെ അതുല്യ വിവാഹമോചനത്തിനായി കുടുംബകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കൗൺസിലിംഗ് വേളയിൽ സതീഷ് മാപ്പ് പറഞ്ഞ് അതുല്യയെ അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് വീണ്ടും വിവാഹമോചനത്തിന് ശ്രമിച്ചപ്പോൾ താൻ ജീവനൊടുക്കുമെന്ന് സതീഷ് ഭീഷണിപ്പെടുത്തിയതായും അതുല്യ ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)