
പെഡലുകൾ മാറിയമർത്തി; യുഎഇയിൽ ഷോപ്പിങ് കോംപ്ലക്‌സിലേക്ക് ഇടിച്ചുകയറി വാഹനം, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ദുബായ്: പെഡലുകൾ മാറിയമർത്തി നിയന്ത്രണം നഷ്ടപ്പെട്ട എസ്‌യുവി കാർ ഒരു ഷോപ്പിങ് കോംപ്ലക്‌സിനുള്ളിലേക്ക് ഇടിച്ചുകയറി. ഡ്രൈവറുടെ പിഴവാണ് അപകടകാരണമെന്ന് ദുബായ് പോലീസ് അറിയിച്ചു. ജുമൈറയിലെ ഉം സുഖൈം സ്ട്രീറ്റിലുള്ള സ്പിന്നീസ് ഷോപ്പിങ് കോംപ്ലക്‌സിലാണ് സംഭവം. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ല.
ദുബായ് പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാന്റെ പ്രസ്താവന പ്രകാരം, ഡ്രൈവിങ്ങിനിടെ ആശയക്കുഴപ്പത്തിലായ വനിതാ ഡ്രൈവർ ബ്രേക്കിനു പകരം ആക്‌സിലറേറ്റർ അമർത്തുകയായിരുന്നു. ഇതാണ് അപകടത്തിന് കാരണം. വാഹനം കടയുടെ മുൻഭാഗം തകർത്ത് അകത്തേക്ക് ഇടിച്ചുകയറി. കാറിനും കടയുടെ മുൻവശത്തിനും മാത്രമാണ് കേടുപാടുകൾ സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഓർമ്മിപ്പിച്ചു.
അപകടത്തെ തുടർന്ന് സുരക്ഷാ അവലോകനം നടത്തുമെന്ന് സ്പിന്നീസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമെങ്കിൽ കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)