
അയ്യോ എന്തൊരു തിരക്ക്! മെട്രോയിലെ തിരക്ക് കുറയ്ക്കാൻ റെഡ് ലൈനിൽ എക്സ്പ്രസ് സർവീസുമായി യുഎഇ
ദുബായ് മെട്രോയിലെ യാത്രാതിരക്ക് കുറയ്ക്കാൻ റെഡ് ലൈനിൽ എക്സ്പ്രസ് സർവീസ് ആരംഭിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർടിഎ) ഈ പുതിയ സേവനം പ്രഖ്യാപിച്ചത്. സെന്റർ പോയിന്റ് സ്റ്റേഷനിൽ നിന്ന് അൽ ഫർദാൻ എക്സ്ചേഞ്ച്, ലൈഫ് ഫാർമസി, എക്സ്പോ സിറ്റി എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള യാത്രയാണ് ഈ സേവനം വഴി സാധ്യമാവുക.
യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് തിരക്കേറിയ സമയങ്ങളിൽ രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയുമാണ് എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഈ ട്രെയിനുകൾക്ക് വഴിയിലുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല. ഇത് വഴി യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനാകും. റെഡ് ലൈനിൽ നിലവിൽ മൂന്ന് റൂട്ടുകളിലാണ് എക്സ്പ്രസ് സർവീസ് ഉള്ളത്.
പുതിയ സർവീസ് വരുന്നതോടെ എക്സ്പോ സിറ്റിയിലേക്കോ ലൈഫ് ഫാർമസിയിലേക്കോ പോകുന്ന യാത്രക്കാർക്ക് ഇനി ട്രെയിനുകൾ മാറി കയറേണ്ടിവരില്ല. ഇത് യാത്രാസമയം ലാഭിക്കാൻ സഹായിക്കും. എക്സ്പ്രസ് സർവീസിനു പുറമേ, സാധാരണ മെട്രോ സേവനങ്ങളും പഴയതുപോലെ തുടരും. ഏത് ട്രെയിനിൽ കയറണം എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ഒഴിവാക്കാൻ, സ്റ്റേഷനുകളിലെ ഡിസ്പ്ലേ സ്ക്രീനുകളും അനൗൺസ്മെന്റുകളും ശ്രദ്ധിക്കണമെന്ന് ആർടിഎ നിർദ്ദേശിച്ചു.
ദുബായിലെ ജനസംഖ്യ 40 ലക്ഷം കവിഞ്ഞതിനു പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം. ജനസംഖ്യാ വർധനവിന് അനുസരിച്ച് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
2009-ൽ റെഡ് ലൈനോടെ ആരംഭിച്ച ദുബായ് മെട്രോ 2011-ൽ ഗ്രീൻ ലൈൻ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. 2029-ൽ ബ്ലൂ ലൈൻ തുറക്കുന്നതോടെ ദുബായ് മെട്രോയുടെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാകും. 2050 കോടി ദിർഹം ചെലവിൽ നിർമ്മിക്കുന്ന ബ്ലൂ ലൈനിൽ 14 പുതിയ സ്റ്റേഷനുകളുണ്ടാകും.
നിലവിലുള്ള ഗ്രീൻ, റെഡ് ലൈനുകളുമായി ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ, മിർദിഫ്, ദുബായ് സിലിക്കൺ ഒയാസിസ്, ദുബായ് ക്രീക്ക് ഹാർബർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കും. ഈ പദ്ധതി പൂർത്തിയാകുന്നതോടെ ദുബായ് മെട്രോ ശൃംഖലയിൽ 131 കിലോമീറ്റർ നീളവും 78 സ്റ്റേഷനുകളും ഉണ്ടാകും. കൂടാതെ, 168 ട്രെയിനുകൾ സർവീസ് നടത്തുകയും ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)