Posted By christymariya Posted On

സംസ്ഥാനത്ത് ഭീതി പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം, കൈക്കുഞ്ഞും സ്ത്രീയും മരിച്ചു, ജാ​ഗ്രത വേണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മരണം. കോഴിക്കോട് ഓമശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞും മലപ്പുറം സ്വദേശിയായ വീട്ടമ്മയുമാണ് മരിച്ചത്. ഒരു മാസത്തിനിടെ കോഴിക്കോട് മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

മൂന്ന് മാസം പ്രായമായ ആൺകുഞ്ഞ് കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നലെ രാത്രിയാണ് കുഞ്ഞ് മരിച്ചത്.

രോഗം ബാധിച്ച റംല മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശിയാണ്. ജൂലൈ എട്ടിനാണ് ഇവർക്ക് രോഗം സ്ഥിരീകരിക്കുന്നത്.ആഗസ്റ്റ് അഞ്ചിനാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ആഴ്ച ഇവരുടെ നില ഗുരുതരമാകുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് റംല മരിച്ചത്. സംസ്ഥാനത്ത് നിലവിൽ പത്ത് പേർ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്.

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം:

കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല.

മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപുടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാൽ ഒന്ന് മുതൽ ഒമ്പത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.

രോഗലക്ഷണങ്ങൾ:

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം.

കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയും രോഗലക്ഷണങ്ങളുടെ ഭാഗമാണ്. രോഗം ഗുരുതരമായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും കാണാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടന്ന വെള്ളത്തിൽ കുളിച്ചവർ ആ വിവരം ഡോക്ടറെ അറിയിക്കണം.

മാലിന്യം കലർന്ന തോടുകളിലും കുളങ്ങളിലും കുളിക്കുന്നവരിലാണ് പൊതുവെ രോഗം കാണപ്പെടുന്നത്. പകരാൻ സാധ്യതയുള്ള അമീബിക് ജ്വരം തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകുന്നത് രോഗത്തിന്റെ കാഠിന്യം കുറക്കാൻ സഹായിക്കുമെന്നാണ് പഠനം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *