
യുഎഇയിൽ അനധികൃത ഗ്യാസ് സിലിണ്ടർ കടത്തിയ മിനിബസ് പിടികൂടി
അനധികൃതമായി ഗ്യാസ് സിലിണ്ടറുകൾ കടത്തിക്കൊണ്ടുപോയ ഒരു മിനിബസ് ദുബായ് പൊലീസ് പിടികൂടി. അൽഖൂസ് വ്യാവസായിക മേഖലയിൽ നടത്തിയ ട്രാഫിക് പരിശോധനയിലാണ് വാഹനം പിടികൂടിയത്. ലൈസൻസില്ലാതെയും മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയും ആയിരുന്നു ഗ്യാസ് സിലിണ്ടറുകൾ കടത്തിക്കൊണ്ടുപോയത്.
ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നതിനായി വാഹനത്തിൻ്റെ എല്ലാ സീറ്റുകളും നീക്കം ചെയ്തിരുന്നു. ഈ രീതിയിൽ ചൂടുള്ള കാലാവസ്ഥയിൽ ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നത് വലിയ അപകടത്തിന് സാധ്യതയുണ്ടാക്കുമെന്ന് ദുബായ് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെൻ്റ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ പറഞ്ഞു. വാഹനം കൂട്ടിയിടിക്കുകയോ ഗ്യാസ് ചോരുകയോ ചെയ്താൽ വലിയ സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനം പോലീസ് പിടിച്ചെടുക്കുകയും ഡ്രൈവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്തു. അപകടകരമായ വസ്തുക്കൾക്ക് അനുമതിയില്ലാതെ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്ന് ദുബായ് പോലീസ് അറിയിച്ചു.
ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിലെ ‘വി ആർ ഓൾ പോലീസ്’ എന്ന സേവനത്തിലൂടെയോ ദുബായ് പോലീസിൻ്റെ സ്മാർട്ട് ആപ്പ് വഴിയോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ അൽഖൂസിൽ ഗ്യാസ് സിലിണ്ടറുകൾ കടത്തിയ ഒരു ബസ് ദുബായ് പോലീസ് പിടികൂടിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)