Posted By christymariya Posted On

ശമ്പള കുടിശ്ശിക രേഖകൾ ഹാജരാക്കിയില്ല; പ്രവാസി തൊഴിലാളിയുടെ 20,000 ദിർഹത്തിന് മുകളിലുള്ള ആവശ്യം തള്ളി യുഎഇ ലേബർ കോടതി

അബുദാബി: ശമ്പളക്കുടിശ്ശികയുമായി ബന്ധപ്പെട്ട കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് തൊഴിലാളിയുടെ 20,000 ദിർഹത്തിന് മുകളിലുള്ള ആവശ്യം അബുദാബി ലേബർ കോടതി തള്ളി. അതേസമയം, ജോലിയിൽനിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങൾക്ക് ജീവനക്കാരന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

യുഎഇ മാനവ വിഭവശേഷി-സ്വകാര്യവത്കരണ മന്ത്രാലയത്തിൽ പരാതി നൽകിയ ശേഷമാണ് ജീവനക്കാരൻ കോടതിയെ സമീപിച്ചത്.2004 മുതൽ 2025 വരെ താൻ കമ്പനിയിൽ ജോലി ചെയ്തിരുന്നതായി ജീവനക്കാരൻ വാദിച്ചു. എന്നാൽ, രേഖകൾ പരിശോധിച്ച കോടതി 2010 ജനുവരി 6-നാണ് തൊഴിൽ ബന്ധം ആരംഭിച്ചതെന്ന് കണ്ടെത്തി.

50,846 ദിർഹം ലഭിക്കാനുണ്ടെന്ന് കാണിച്ച് തൊഴിലാളി കോടതിയിൽ കേസ് ഫയൽ ചെയ്തു. ഇതിൽ ഗ്രാറ്റുവിറ്റി, ഉപയോഗിക്കാത്ത അവധിക്കുള്ള വേതനം, ശമ്പളക്കുടിശ്ശിക, നോട്ടീസ് കാലയളവിലെ ശമ്പളം, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവ ഉൾപ്പെട്ടിരുന്നു.

എന്നാൽ, ശമ്പളക്കുടിശ്ശികയുമായി ബന്ധപ്പെട്ട് കൃത്യമായ രേഖകളോ തെളിവുകളോ നൽകാൻ തൊഴിലാളിക്ക് കഴിഞ്ഞില്ല. അതിനാൽ, 20,000 ദിർഹത്തിന് മുകളിലുള്ള ഈ ആവശ്യം കോടതി തള്ളി.

കോടതിയുടെ അന്തിമ വിധി അനുസരിച്ച്, തൊഴിലാളിക്ക് താഴെ പറയുന്ന ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്:

ഗ്രാറ്റുവിറ്റി: 13,610 ദിർഹം

ഉപയോഗിക്കാത്ത വാർഷിക അവധിക്ക്: 2,000 ദിർഹം

നോട്ടീസ് വേതനം: 2,400 ദിർഹം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്

ആകെ 17,010 ദിർഹവും വിമാന ടിക്കറ്റും ജീവനക്കാരന് നൽകാൻ കോടതി ഉത്തരവിട്ടു. കോടതിച്ചെലവുകൾ ഭാഗികമായി വഹിക്കാനും കമ്പനിയോട് നിർദേശിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments (0)

Leave a Reply

Your email address will not be published. Required fields are marked *