
ഓണക്കാലത്ത് പ്രവാസി മലയാളികൾക്ക് തിരിച്ചടിയായി സ്വർണവില, യുഎഇയിൽ വില റെക്കോർഡിലേക്ക്
gold ഓണക്കാലം അടുത്തിരിക്കെ മലയാളി പ്രവാസികൾക്ക് തിരിച്ചടിയായി യുഎഇയിലെ സ്വർണവില. ഒരു ഗ്രാമിന് ഏകദേശം മൂന്ന് ദിർഹം വർധിച്ച് 22 കാരറ്റ് സ്വർണത്തിന്റെ വില 382.75 ദിർഹമായി. ഇതോടെ, ജൂണിൽ രേഖപ്പെടുത്തിയ റെക്കോർഡ് വിലയ്ക്ക് തൊട്ടടുത്തായി സ്വർണവില.
സെപ്റ്റംബർ ആദ്യവാരം ഓണാഘോഷങ്ങൾ തുടങ്ങാനിരിക്കെ വില കുറയുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിച്ചിരുന്നത്. ഈ ആഴ്ച മാത്രം യുഎഇയിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് ആറ് ദിർഹത്തിലധികം വില വർധനവുണ്ടായി. ഒക്ടോബറോടെ സ്വർണവില സ്ഥിരമാകുമെന്നാണ് പ്രതീക്ഷ. ദീപാവലി, ധൻതേരസ് തുടങ്ങിയ ഉത്സവങ്ങൾ വരാനിരിക്കെ വലിയ വിൽപന പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.
അമേരിക്കൻ പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചനകൾ വന്നതോടെയാണ് ആഗോള വിപണിയിൽ സ്വർണത്തിന് വലിയ ഡിമാൻഡ് ഉണ്ടായത്. ഇതോടെ ഈ ആഴ്ച ഒരു ഔൺസ് സ്വർണത്തിന് 30 ഡോളർ വർധിച്ച് 3,447 ഡോളറിലെത്തി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ നിയമവിരുദ്ധമാണെന്ന കോടതി വിധി വന്നതോടെ അടുത്ത ആഴ്ച വിപണിയിൽ കൂടുതൽ അനിശ്ചിതത്വത്തിന് സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിക്ഷേപകർ സുരക്ഷിത ആസ്തിയായ സ്വർണത്തിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)