
സന്തോഷവാർത്ത; നബി ദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് 3 ദിവസത്തെ അവധി
യു.എ.ഇയിലെ സ്വകാര്യമേഖലയ്ക്ക് നബി ദിനത്തിനോട് അനുബന്ധിച്ച് 3 ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി ലഭിക്കും. പ്രവാചകന്റെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 5 വെള്ളിയാഴ്ച സ്വകാര്യമേഖലാ ജീവനക്കാർക്ക് യു.എ.ഇ പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധിയായ ശനിയും ഞായറും കൂടി ചേരുമ്പോൾ മിക്ക ജീവനക്കാർക്കും 3 ദിവസത്തെ അവധിയാണ് ലഭിക്കുക.
ലോകമെമ്പാടുമുള്ള വിശ്വാസികൾ ആഘോഷിക്കുന്ന ഈ ദിനം ഹിജ്റ കലണ്ടറിലെ റബിഅൽ അവ്വൽ 12-നാണ് വരുന്നത്. നേരത്തെ, സർക്കാർ ജീവനക്കാർക്ക് സെപ്റ്റംബർ 5-ന് യു.എ.ഇ അവധി പ്രഖ്യാപിച്ചിരുന്നു, അവർക്കും ഇത് 3 ദിവസത്തെ അവധിയായിരിക്കും. അതേസമയം, ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ച സാധാരണ അവധിയാണ്.
റബിഅൽ അവ്വൽ മാസപ്പിറവി ശനിയാഴ്ച (ഓഗസ്റ്റ് 23) കാണാത്തതിനെ തുടർന്നാണ് ഈ പ്രഖ്യാപനം. യു.എ.ഇയുടെ ജ്യോതിശാസ്ത്ര കേന്ദ്രത്തിൻ്റെ കണ്ടെത്തൽ പ്രകാരം, സഫർ മാസം 30 ദിവസമായിരിക്കും. അതുപോലെ ഹിജ്റ കലണ്ടറിലെ മൂന്നാമത്തെ മാസം തിങ്കളാഴ്ച (ഓഗസ്റ്റ് 25) ആരംഭിക്കും. അതുകൊണ്ടുതന്നെ എല്ലാ വർഷവും റബിഅൽ അവ്വൽ 12-ന് വരുന്ന പ്രവാചകൻ്റെ ജന്മദിനം സെപ്റ്റംബർ 5-ന് ആയിരിക്കും.
സൗദി അറേബ്യയും യു.എ.ഇയും പ്രവാചകൻ്റെ ജന്മദിനം ഒരേ ദിവസം ആഘോഷിക്കില്ല എന്നത് ഒരു അപൂർവ സംഭവമാണ്. സൗദി അറേബ്യ യു.എ.ഇക്ക് ഒരു ദിവസം മുൻപ് ചന്ദ്രക്കല കണ്ടതിനാലാണ് ഈ മാറ്റം. ഹിജ്റ (ഇസ്‌ലാമിക്) കലണ്ടർ ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ മാസവും പുതിയ ചന്ദ്രൻ കാണുന്നതോടെയാണ് ആരംഭിക്കുന്നത്. ഓരോ ഹിജ്റ മാസത്തിലെയും 29-ആം ദിവസം അടുത്ത ഇസ്‌ലാമിക് മാസം പ്രഖ്യാപിക്കാൻ യു.എ.ഇയിലെ മാസപ്പിറവി കമ്മിറ്റി യോഗം ചേരാറുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)