
യുഎഇയിലെ ഗതാഗതക്കുരുക്കിന് അറുതി; ഹൈവേ വികസനത്തിന് തുടക്കമാകുന്നു, സെപ്റ്റംബർ 1 മുതൽ റോഡ് അടയ്ക്കും
റാസൽ ഖൈമയിലെ പ്രധാന പാതയായ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡ് (E11) വികസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. എമിറേറ്റിലുടനീളമുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുകയാണ് ഈ വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ലക്ഷ്യം.
അൽ ഹംറ റൗണ്ട് എബൗട്ട് മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311) വരെയുള്ള ഭാഗത്താണ് വികസനം നടക്കുക. റാസൽ ഖൈമയിലെ റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണിത്. സെപ്റ്റംബർ ഒന്നിന് നിർമാണ പ്രവർത്തനങ്ങളും ഗതാഗത നിയന്ത്രണങ്ങളും ആരംഭിക്കുമെന്ന് പബ്ലിക് സർവീസസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
രണ്ട് ഘട്ടങ്ങളായി പദ്ധതി പൂർത്തിയാക്കും
ഒന്നാം ഘട്ടം: നിലവിലുള്ള രണ്ട് വരിപ്പാത നാല് വരിയായി വികസിപ്പിക്കും. പ്രാദേശിക ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഒരു സർവീസ് റോഡും നിർമിക്കും. വൈദ്യുതി, ടെലികമ്മ്യൂണിക്കേഷൻ, ജലസേചനം, മഴവെള്ളം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ, ആധുനിക എൽഇഡി വിളക്കുകൾ എന്നിവയും സ്ഥാപിക്കും. ഈ ഘട്ടത്തിൽ അൽ ഹംറ റൗണ്ട് എബൗട്ടിലെ E11 റോഡ് അടച്ചിട്ട് ഗതാഗതം വഴിതിരിച്ചുവിടും. യാത്രക്കാർക്കായി 2 കിലോമീറ്റർ താത്കാലിക റോഡും നിർമിക്കും.
രണ്ടാം ഘട്ടം: റോഡ് വികസനം പൂർത്തിയാകുന്നതോടെ ഗതാഗതം കൂടുതൽ മെച്ചപ്പെടുത്തും. ഡോൾഫിൻ ജംഗ്ഷൻ (S4), E11–E311 ജംഗ്ഷൻ (D1), റെഡ് ടണൽ (S3), മിന അൽ അറബ് ടണൽ (F1/F2) എന്നീ നാല് പ്രധാന സ്ഥലങ്ങളിൽ പുതിയ പാലങ്ങളും തുരങ്കങ്ങളും നിർമിക്കും. ഈ ഘട്ടത്തിലും ഗതാഗത നിയന്ത്രണങ്ങൾ തുടരുമെങ്കിലും തിരക്ക് കുറയ്ക്കുന്നതിനായി കൂടുതൽ ലെയ്‌നുകൾ കൂട്ടിച്ചേർക്കും.
റാസൽ ഖൈമയിലെ വർധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റാനും, ആധുനികവും കാര്യക്ഷമവുമായ റോഡ് ശൃംഖല സൃഷ്ടിച്ചുകൊണ്ട് എമിറേറ്റിൻ്റെ ദീർഘകാല വികസനത്തെ പിന്തുണയ്ക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)