ശമ്പള തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഒരു ജീവനക്കാരന് 15.4 ലക്ഷം ദിർഹം (ഏകദേശം 3.5 കോടി രൂപ) നൽകാൻ അബുദാബി കോടതി തൊഴിലുടമയോട് നിർദേശിച്ചു. മൂന്ന് വർഷത്തെ കരാറിൽ ജോലി ചെയ്തിരുന്ന ജീവനക്കാരനാണ് കോടതി വിധി പ്രകാരം ഇത്രയും വലിയ തുക ലഭിക്കാൻ അർഹനായത്.
ശമ്പള കുടിശ്ശികയിനത്തിൽ 15,95,000 ദിർഹവും വാർഷിക അവധിയുടെ അലവൻസായി 1,30,000 ദിർഹവും ലഭിക്കാനുണ്ടെന്ന് കാണിച്ച് ജീവനക്കാരൻ അബുദാബിയിലെ ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് നിയമനടപടികൾ ആരംഭിച്ചത്.
തനിക്ക് പ്രതിമാസം 75,000 ദിർഹമാണ് ശമ്പളമായി ലഭിച്ചിരുന്നതെന്ന് ജീവനക്കാരൻ കോടതിയിൽ വാദിച്ചു. എന്നാൽ, ജീവനക്കാരൻ ഹാജരാക്കിയത് വ്യാജ കരാറാണെന്നും യഥാർത്ഥ ശമ്പളം 54,000 ദിർഹം മാത്രമാണെന്നും കമ്പനി വാദിച്ചു. കേസ് തള്ളിക്കളയണമെന്നും അവർ ആവശ്യപ്പെട്ടു.
കേസ് പരിഗണിച്ച കോടതി ഒരു സാമ്പത്തിക വിദഗ്ധനെ നിയമിച്ചു. ജീവനക്കാരന് ശമ്പളം ലഭിക്കാനുണ്ടെന്ന് വിദഗ്ധന്റെ റിപ്പോർട്ടിൽ കണ്ടെത്തി. തുടർന്ന്, 14,12,537 ദിർഹം ശമ്പള കുടിശ്ശികയും 1,30,000 ദിർഹം ലീവ് അലവൻസും ഉൾപ്പെടെ ആകെ 15,42,537 ദിർഹം നൽകാൻ കോടതി വിധിച്ചു. ഈ വിധിക്കെതിരെ കമ്പനി അപ്പീൽ നൽകിയെങ്കിലും അതും കോടതി തള്ളി. ഇതോടെ കമ്പനി കാസ്സേഷൻ കോടതിയിൽ നാല് പ്രധാന വാദങ്ങൾ ഉന്നയിച്ച് വീണ്ടും അപ്പീൽ ഫയൽ ചെയ്തു.
അപ്പീലും അന്തിമവിധിയും
വിദഗ്ധന്റെ റിപ്പോർട്ട് അസാധുവാണെന്നും യഥാർത്ഥ ശമ്പളം 54,000 ദിർഹമാണെന്നും തൊഴിൽ കരാർ വ്യാജമാണെന്നും കമ്പനിയുടെ ലൈസൻസ് കാലാവധി കഴിഞ്ഞതിനാൽ തൊഴിൽ ബന്ധം അവസാനിച്ചുവെന്നുമായിരുന്നു കമ്പനിയുടെ പ്രധാന വാദങ്ങൾ.
എന്നാൽ, കമ്പനിയുടെ എല്ലാ വാദങ്ങളും തള്ളിക്കൊണ്ട് കാസ്സേഷൻ കോടതി ജീവനക്കാരന് അനുകൂലമായി അന്തിമ വിധി പ്രഖ്യാപിച്ചു. തൊഴിൽ കരാറിൽ 75,000 ദിർഹം ശമ്പളമായി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഒരു ഇമെയിൽ സന്ദേശത്തേക്കാൾ കരാറിനാണ് നിയമപരമായ സാധുതയെന്നും കോടതി വ്യക്തമാക്കി. തൊഴിൽ കരാർ വ്യാജമാണെന്ന് തെളിയിക്കാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിധിപ്രകാരം, കമ്പനി കോടതി ചെലവുകളും 1,000 ദിർഹം അഭിഭാഷകന്റെ ഫീസും കെട്ടിവച്ച തുകയും നൽകണം. ഇതോടെ ജീവനക്കാരന് 15.4 ലക്ഷം ദിർഹത്തിലേറെ ലഭിക്കുമെന്ന് ഉറപ്പായി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply