
യാത്ര ഇനി കൂടുതൽ സുഖകരം: യുഎഇ വിമാനത്താവളത്തിലേക്ക് പുതിയ പാത
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രാദുരിതത്തിന് അറുതി വരുത്താൻ ഒരുങ്ങുകയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA). വിമാനത്താവളത്തിന്റെ ടെർമിനൽ 1-ലേക്ക് പോകുന്ന പ്രധാന പാലം വികസിപ്പിക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കമിട്ടതായി RTA പ്രഖ്യാപിച്ചു. ദുബായ് എയർപോർട്ടുമായി സഹകരിച്ചാണ് ഈ നിർണായക വികസനം നടപ്പാക്കുന്നത്.
പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിലുള്ള മൂന്ന് വരി പാത നാല് വരികളാക്കി വികസിപ്പിക്കും. ഇതിനായി നിലവിലുള്ള പാലത്തിന് സമാന്തരമായി 171 മീറ്റർ നീളമുള്ള പുതിയൊരു പാലം കൂടി നിർമിക്കും. ഈ വികസനത്തിലൂടെ പാതയുടെ ശേഷി 33 ശതമാനം വർധിക്കും. അതായത്, ഒരു മണിക്കൂറിൽ 4,200 വാഹനങ്ങളെ ഉൾക്കൊള്ളാൻ സാധിച്ചിരുന്നിടത്ത് ഇനി 5,600 വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ സാധിക്കും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി, നിലവിലെ ഗതാഗതത്തെ ബാധിക്കാതെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമാണം നടത്തുകയെന്ന് RTA ഡയറക്ടർ ജനറൽ മത്തർ അൽ തായർ വ്യക്തമാക്കി. റോഡുകൾ ടാർ ചെയ്യുക, പുതിയ തെരുവ് വിളക്കുകൾ സ്ഥാപിക്കുക, പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക എന്നിവയും ഈ പദ്ധതിയുടെ ഭാഗമാണ്.
കഴിഞ്ഞ വർഷം ദുബായ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 92 ദശലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ഈ ദീർഘവീക്ഷണമുള്ള പദ്ധതിക്ക് RTA രൂപം നൽകിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)