
യുഎഇയിൽ ഗർഭസ്ഥശിശു മരിച്ച കേസ്: ഡോക്ടർമാരും നഴ്സുമാരും കുറ്റക്കാർ; 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണം
പ്രസവസമയത്ത് ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ, ഡോക്ടർമാരും നഴ്‌സുമാരും കുഞ്ഞിന്റെ മാതാപിതാക്കൾക്ക് 2 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബായ് സിവിൽ കോടതി വിധിച്ചു. കേസ് പരിഗണിച്ച കോടതി, കോടതിച്ചെലവുകൾക്കൊപ്പം ഉത്തരവ് പുറപ്പെടുവിച്ച ദിവസം മുതൽ നഷ്ടപരിഹാരം നൽകുന്നതുവരെ അഞ്ച് ശതമാനം പലിശയും നൽകണമെന്ന് ഉത്തരവിട്ടു.
പ്രസവത്തിൻ്റെ ചുമതലയുണ്ടായിരുന്ന രണ്ട് ഡോക്ടർമാർക്കും രണ്ട് നഴ്‌സുമാർക്കുമെതിരെയാണ് കോടതി ഉത്തരവ്. കുഞ്ഞിൻ്റെ മരണത്തെത്തുടർന്നുണ്ടായ മാനസികാഘാതത്തിനും സാമ്പത്തിക നഷ്ടത്തിനും 4.99 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അറബ് ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു.
പ്രസവസമയത്ത് കുട്ടിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിലും മുന്നറിയിപ്പുകളോട് പ്രതികരിക്കുന്നതിലും ആരോഗ്യ പ്രവർത്തകർക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റിയുടെ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റി കണ്ടെത്തിയിരുന്നു. പ്രതികൾ ആരോഗ്യ ചട്ടങ്ങളിൽ നിന്ന് വ്യതിചലിച്ചതായും സമിതി നിരീക്ഷിച്ചു.
പ്രതികൾ മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ ഉന്നതാധികാര സമിതിയിൽ അപ്പീൽ നൽകിയെങ്കിലും കീഴ് സമിതിയുടെ കണ്ടെത്തൽ അതേപടി നിലനിർത്തുകയായിരുന്നു. നാല് പ്രതികൾക്കും തുല്യ ഉത്തരവാദിത്തമാണെന്നും പിഴയുടെ 25% വീതം ഓരോരുത്തരും അടയ്ക്കണമെന്നും അപ്പീൽ കമ്മിറ്റി അന്തിമ വിധിയിൽ വ്യക്തമാക്കി.
ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി: എന്നാൽ, ആശുപത്രി അധികൃതരും ജീവനക്കാരും കുറ്റങ്ങൾ നിഷേധിച്ചു. മരണം സ്വാഭാവികമാണെന്നും പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയതോ ജനിതക കാരണങ്ങളോ ആകാം മരണകാരണമെന്നും ആശുപത്രി വിശദീകരിച്ചു. അമ്മയുടെ ആവശ്യപ്രകാരമാണ് ഫീറ്റൽ മോണിറ്ററിങ് താൽക്കാലികമായി നിർത്തിവെച്ചതെന്നും ആശുപത്രി വാദിച്ചു. എന്നാൽ, ഇത് രാജ്യത്തെ ആരോഗ്യ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)