
നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ അഭ്യാസപ്രകടനം; യുവാവിനെ പൂട്ടി യുഎഇ പൊലീസ്
ദുബായിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റിൽ. അൽ ഖവാനീജിലെ ഖുർആനിക് പാർക്കിലെ നടപ്പാതയിൽ ഒരു ചക്രത്തിൽ ബൈക്ക് ഓടിച്ചാണ് ഇയാൾ അപകടകരമായ പ്രവൃത്തി ചെയ്തത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിലുള്ള ഈ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദുബായ് പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ഏകദേശം ഒരു മണിക്കൂറോളം നീണ്ട പിന്തുടർച്ചയ്ക്ക് ശേഷം ഒരു ഗാരേജിനുള്ളിൽ വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് ദുബായ് പോലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ പറഞ്ഞു. പരിശോധനയിൽ ബൈക്കിന്റെ രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതായും നിരവധി ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയതായും കണ്ടെത്തി. തുടർ നിയമനടപടികൾക്കായി യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പ്രധാന ട്രാഫിക് നിയമലംഘനങ്ങളും പിഴകളും
നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ: 3,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, 90 ദിവസം വരെ വാഹനം കണ്ടുകെട്ടൽ.
അശ്രദ്ധമായ ഡ്രൈവിങ്: 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, വാഹനം കണ്ടുകെട്ടൽ.
ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ: 500 ദിർഹം പിഴ, 4 ബ്ലാക്ക് പോയിന്റുകൾ.
വേഗപരിധി ലംഘിച്ചാൽ (60 കിലോമീറ്ററിൽ കൂടുതൽ): 2,000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റുകൾ, 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ.
നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്നും വാഹനം കണ്ടുകെട്ടുക, അറസ്റ്റ് ചെയ്യുക, ജുഡീഷ്യറിക്ക് കൈമാറുക തുടങ്ങിയ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ബ്രി. ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കാൻ അനുവാദം നൽകരുതെന്നും അത്തരം സാഹചര്യങ്ങളിൽ രക്ഷിതാക്കളും നിയമപരമായി ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസ് സ്മാർട്ട് ആപ്പ് വഴിയുള്ള ‘പോലീസ് ഐ’ സേവനം ഉപയോഗിച്ചോ അല്ലെങ്കിൽ 901 എന്ന ‘വി ആർ ഓൾ പോലീസ്’ ഹോട്ട്‌ലൈൻ വഴിയോ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Comments (0)