ആറുമാസത്തിൽ 37 കോടി ദിർഹം പിഴ; ധനകാര്യ സ്ഥാപനങ്ങൾക്ക്​ കുരുക്കിട്ട് യുഎഇ

കഴിഞ്ഞ ആറ് മാസത്തിനിടെ, യുഎഇ സെൻട്രൽ ബാങ്ക് വിവിധ പണമിടപാട് സ്ഥാപനങ്ങൾക്കെതിരെ 37 കോടി ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തടയൽ തുടങ്ങിയ നിയമങ്ങൾ ലംഘിച്ചതിനാണ് ഈ നടപടി. മണി എക്സ്ചേഞ്ചുകൾ, ഇൻഷുറൻസ് കമ്പനികൾ, ബാങ്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ വർഷം ജനുവരി മുതൽ 13 എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, 7 ഇൻഷുറൻസ്-ബ്രോക്കറേജ് കമ്പനികൾ, 3 വിദേശ ബാങ്കുകളും ഒരു ധനകാര്യ സ്ഥാപനവും ഉൾപ്പെടെ 10 ബാങ്കുകൾ എന്നിവയ്ക്കെതിരെയാണ് പിഴ ചുമത്തിയത്. ചില സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയോ, താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയോ, പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

കൂടാതെ, ചില കേസുകളിൽ സ്ഥാപനങ്ങളിലെ മുതിർന്ന എക്സിക്യൂട്ടീവുകൾക്ക് വ്യക്തിപരമായും പിഴ ചുമത്തിയിട്ടുണ്ട്. അടുത്തിടെ ഒരു ബാങ്ക് മാനേജർക്ക് അഞ്ച് ലക്ഷം ദിർഹം പിഴ ചുമത്തുകയും, ധനമിടപാടുകളിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

ഈ വർഷം മേയിലാണ് ഏറ്റവും വലിയ പിഴ ചുമത്തിയത്. ഒരു മണി എക്സ്ചേഞ്ച് സ്ഥാപനത്തിന് 20 കോടി ദിർഹം പിഴയും, സ്ഥാപനത്തിന്റെ മാനേജർക്ക് അഞ്ച് ലക്ഷം ദിർഹം പിഴയും ചുമത്തി. ഗോമതി എക്സ്ചേഞ്ച്, അൽ ഹിന്ദി എക്സ്ചേഞ്ച് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾക്കെതിരെയും പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

മാനദണ്ഡങ്ങൾ ലംഘിച്ച ഒരു പ്രാദേശിക ബാങ്കിനോട് ആറ് മാസത്തേക്ക് പുതിയ ഇസ്ലാമിക് ബാങ്കിങ് ഇടപാടുകാരെ ചേർക്കരുതെന്നും നിർദ്ദേശിച്ചിരുന്നു. ഈ നടപടികളിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top