മധ്യവേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നതോടെ യു.എ.ഇയിൽ പുതിയ അഡ്മിഷനായി രക്ഷിതാക്കൾ നെട്ടോട്ടത്തിൽ. നാട്ടിൽ നിന്ന് എത്തിയ കുട്ടികളെ പുതിയ ടേമിൽ ചേർക്കാൻ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി രക്ഷിതാക്കൾ വിവിധ സ്കൂളുകൾ കയറിയിറങ്ങുകയാണ്. അവധിക്കാലത്ത് കുറഞ്ഞ നിരക്കിൽ താമസം ലഭ്യമായപ്പോൾ കുടുംബത്തെ കൂടെക്കൊണ്ടുവന്നവരാണ് ഇവരിലേറെയും. നിലവിൽ ഓൺലൈൻ വഴി അപേക്ഷ നൽകി ഫലം കാത്തിരിക്കുകയാണ് ഇവർ.
സാധാരണയായി, ടി.സി വാങ്ങി മറ്റു സ്കൂളുകളിലേക്ക് മാറുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യുന്നവരുടെ ഒഴിവുകൾ ഇത്തരം കുട്ടികൾക്ക് ലഭിക്കാറുണ്ട്. എന്നാൽ, ഈ വർഷം ടി.സി വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി സ്കൂൾ അധികൃതർ പറയുന്നു.
ചില ക്ലാസ്സുകളിൽ പരിമിത സീറ്റുകൾ: എട്ടാം ക്ലാസ് വരെയുള്ള ചില ഗ്രേഡുകളിൽ പരിമിതമായ സീറ്റുകൾ ഒഴിവുണ്ടെങ്കിലും, അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ പ്രവേശന പരീക്ഷയിൽ മികച്ച മാർക്ക് നേടുന്നവർക്കാണ് മുൻഗണന നൽകുന്നത്.
ഒഴിഞ്ഞ സീറ്റുകളില്ലാത്ത ക്ലാസ്സുകൾ: ഒൻപത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ ഭൂരിഭാഗം സ്കൂളുകളിലും ഒഴിവുകൾ ഇല്ല. ഒൻപതാം ക്ലാസ്സിലെ സിബിഎസ്ഇ രജിസ്ട്രേഷൻ സമയം കഴിഞ്ഞതിനാൽ പ്രവേശനം പ്രയാസകരമാണെന്ന് പ്രിൻസിപ്പൽമാർ പറയുന്നു. എങ്കിലും, നാട്ടിൽ സിബിഎസ്ഇ രജിസ്ട്രേഷൻ ചെയ്ത കുട്ടികൾക്ക് ഒഴിവുകൾ വരുന്ന സീറ്റുകളിലേക്ക് അഡ്മിഷൻ ലഭിക്കാനും പിന്നീട് രജിസ്ട്രേഷൻ യു.എ.ഇയിലേക്ക് മാറ്റാനും സാധിക്കും.
മത്സരം കടുക്കുന്നു: ഏപ്രിലിൽ അഡ്മിഷൻ ലഭിക്കാത്ത കുട്ടികളെ നാട്ടിലെ ഓൺലൈൻ സ്കൂളുകളിൽ ചേർത്താണ് പലരും പഠിപ്പിക്കുന്നത്. ഇവരും ഇപ്പോൾ അഡ്മിഷനായി ശ്രമിക്കുന്നതിനാൽ മത്സരം കൂടുതൽ കടുപ്പമായി. ഒരാഴ്ച കൂടി കാത്തിരുന്നിട്ടും സീറ്റ് ലഭിച്ചില്ലെങ്കിൽ കുട്ടികളെ നാട്ടിലേക്ക് തിരിച്ചയക്കാൻ രക്ഷിതാക്കൾ ആലോചിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട സ്കൂളുകളിൽ കുട്ടികളെ ചേർക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് പല രക്ഷിതാക്കളും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t