യു.എ.ഇയിലെ പല താമസക്കാരും ഈ വർഷത്തെ അവധിക്കാലം ഓർത്തെടുക്കുകയും അടുത്ത വർഷത്തെ അവധിക്കാലത്തിനായി കാത്തിരിക്കുകയുമാണ്. അപ്പോളാണ് 2026-ൽ റമദാൻ, ഈദ് അൽ ഫിത്ർ, ഈദ് അൽ അദ്ഹ എന്നീ പ്രധാന ആഘോഷങ്ങളുടെ സാധ്യതാ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
യു.എ.ഇയിലെ ആസ്ട്രോണമി സെൻ്ററാണ് 2026-ലെ (ഹിജ്റ 1447) പ്രധാന ഇസ്ലാമിക ആഘോഷങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചന്ദ്രപ്പിറവി അനുസരിച്ച് ഹിജ്റ കലണ്ടറിലെ മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസമായിരിക്കും. ഓരോ മാസാവസാനവും ചന്ദ്രക്കല നിരീക്ഷിക്കാൻ യു.എ.ഇയിലെ ചന്ദ്രക്കല നിരീക്ഷണ സമിതി യോഗം ചേരാറുണ്ട്. ഈ പ്രഖ്യാപിച്ച തീയതികൾ ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ഔദ്യോഗിക അവധി തീയതികളിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും ഇത് സാധ്യതയുള്ള തീയതികളായി മാത്രം കണക്കാക്കണമെന്നും അധികൃതർ അറിയിച്ചു.
പ്രധാനപ്പെട്ട തീയതികൾ താഴെക്കൊടുക്കുന്നു:
റമദാൻ
അടുത്ത വർഷം ഫെബ്രുവരി മാസത്തിൽ റമദാൻ വരുന്നത് യു.എ.ഇ നിവാസികൾക്ക് ഒരു സന്തോഷവാർത്തയാണ്. ഓരോ വർഷവും റമദാൻ മാസം 10 മുതൽ 12 ദിവസം വരെ മുന്നോട്ട് വരും. ഈ വർഷം റമദാൻ മാർച്ച് ഒന്നിനായിരുന്നു. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ സംയമനം, ദാനധർമ്മം തുടങ്ങിയ ഗുണങ്ങൾ റമദാൻ മാസത്തിൽ വർധിക്കുന്നു.
2026-ൽ റമദാനിലെ ചന്ദ്രക്കല 2026 ഫെബ്രുവരി 17-ന് (ചൊവ്വാഴ്ച) കാണാനാണ് സാധ്യത. ഇത് ചില രാജ്യങ്ങളിൽ 2026 ഫെബ്രുവരി 18-ന് (ബുധനാഴ്ച) റമദാൻ മാസം തുടങ്ങാൻ കാരണമാകും. കിഴക്കൻ, പടിഞ്ഞാറൻ രാജ്യങ്ങളിൽ ചന്ദ്രക്കല ദൃശ്യമാവുന്നതിൽ വ്യത്യാസം ഉണ്ടാകാറുണ്ട്. അതിനാൽ, കിഴക്കൻ രാജ്യങ്ങളിൽ 2026 ഫെബ്രുവരി 18-ന് ചന്ദ്രക്കല കണ്ട് ഫെബ്രുവരി 19-ന് (വ്യാഴാഴ്ച) നോമ്പ് ആരംഭിക്കും.
ഈദ് അൽ ഫിത്ർ
റമദാൻ അവസാനിക്കുന്നതോടെയാണ് ഈദ് അൽ ഫിത്ർ ആഘോഷിക്കുന്നത്. ശവ്വാൽ മാസത്തിലെ ചന്ദ്രപ്പിറവി റമദാൻ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കുന്നതിനെ ആശ്രയിച്ചിരിക്കും. 2026 മാർച്ച് 19-ന് (വ്യാഴാഴ്ച) ചന്ദ്രക്കല ദൃശ്യമാവാനാണ് സാധ്യത. അതിനാൽ ഈദ് അൽ ഫിത്ർ 2026 മാർച്ച് 20-ന് (വെള്ളിയാഴ്ച) ആയിരിക്കും. കിഴക്കൻ രാജ്യങ്ങളിൽ സാധാരണയായി ഒരു ദിവസം കഴിഞ്ഞായിരിക്കും ചന്ദ്രക്കല ദൃശ്യമാവുക.
ഈദ് അൽ അദ്ഹ
ഇസ്ലാമിലെ ഏറ്റവും പുണ്യദിനമായി കണക്കാക്കുന്ന അറഫാ ദിനത്തിന് (ദുൽ ഹിജ്ജ 9) അടുത്ത ദിവസമായ ദുൽ ഹിജ്ജ 10-നാണ് ഈദ് അൽ അദ്ഹ ആഘോഷിക്കുന്നത്. ഈദ് അൽ അദ്ഹയിൽ പ്രവാചകൻ ഇബ്രാഹിമിൻ്റെ ത്യാഗത്തെ അനുസ്മരിച്ച് മൃഗങ്ങളെ ബലിയർപ്പിക്കുകയും പാവപ്പെട്ടവർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു. ഹജ്ജ് തീർഥാടനം നടത്തുന്നവരൊഴികെ മറ്റെല്ലാ മുസ്ലീംങ്ങളും ഈദ് അൽ അദ്ഹയുടെ ഒമ്പതാം ദിവസം നോമ്പ് അനുഷ്ഠിക്കുന്നു. ദുൽ ഹിജ്ജ 8 മുതൽ 12 അല്ലെങ്കിൽ 13 വരെയാണ് ഹജ്ജ് തീർഥാടനം.
2026-ൽ ദുൽ ഹിജ്ജ മാസത്തിലെ ചന്ദ്രക്കല മെയ് 16-ന് (ശനിയാഴ്ച) ദൃശ്യമാകാൻ സാധ്യതയുണ്ട്. ഇത് ദുൽ ഹിജ്ജ മാസം മെയ് 17-ന് (ഞായറാഴ്ച) തുടങ്ങാൻ കാരണമാകും. കിഴക്കൻ രാജ്യങ്ങളിൽ ചന്ദ്രക്കല മെയ് 17-ന് (ഞായറാഴ്ച) ദൃശ്യമാവുകയും മെയ് 18-ന് (തിങ്കളാഴ്ച) ദുൽ ഹിജ്ജ ആരംഭിക്കുകയും ചെയ്യും. അതിനാൽ, യു.എ.ഇയിലും പടിഞ്ഞാറൻ രാജ്യങ്ങളിലും മെയ് 26-ന് (ചൊവ്വാഴ്ച) ഈദ് അൽ അദ്ഹ വരാൻ സാധ്യതയുണ്ട്, അതേസമയം ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ മെയ് 27-ന് (ബുധനാഴ്ച) ആയിരിക്കും ഈദ് അൽ അദ്ഹ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t