അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിക്ക് 95 ലക്ഷം രൂപ നഷ്ടപരിഹാരം. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്തിൻ്റെ കുടുംബത്തിനാണ് അബുദാബി കോടതി 4 ലക്ഷം ദിർഹം (ഏകദേശം 95.3 ലക്ഷം രൂപ) നഷ്ടപരിഹാരം വിധിച്ചത്.
2023 ജൂലൈ 6-ന് അബുദാബിയിലെ അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ വെച്ചാണ് അപകടമുണ്ടായത്. ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കുകയായിരുന്ന മുസ്തഫയെ സ്വദേശി പൗരൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന്, മുസ്തഫയുടെ കുടുംബം യാബ് ലീഗൽ സർവീസസ് മുഖേന നിയമപോരാട്ടം നടത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ക്രിമിനൽ കോടതി 2 ലക്ഷം ദിർഹം ബ്ലഡ് മണി (ദയാധനം) നൽകാൻ വിധിച്ചു. ഡ്രൈവർക്ക് 20,000 ദിർഹം പിഴയും ചുമത്തി. എന്നാൽ, ഈ തുക അപര്യാപ്തമാണെന്ന് കാണിച്ച് കുടുംബം നഷ്ടപരിഹാരത്തിനായി വീണ്ടും അപ്പീൽ നൽകി. ഈ കേസിലാണ് ദയാധനത്തിനു പുറമെ 2 ലക്ഷം ദിർഹം കൂടി നൽകാൻ കോടതി വിധിച്ചത്. ഇതോടെ കുടുംബത്തിന് ആകെ 4 ലക്ഷം ദിർഹം ലഭിച്ചു. മുസ്തഫയുടെ ഉമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് ഈ തുക വലിയൊരു ആശ്വാസമാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t