യുഎഇയിൽ ഈ വർഷത്തെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായ പൂർണ്ണ ചന്ദ്രഗ്രഹണം അടുത്ത മാസം ദൃശ്യമാകും. 1 മണിക്കൂറും 22 മിനിറ്റും നീണ്ടുനിൽക്കുന്ന ഈ ഗ്രഹണം സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ ഒന്നായിരിക്കും.സെപ്റ്റംബർ 7-ന് രാത്രി 7.28 മുതൽ അടുത്ത ദിവസം പുലർച്ചെ 12.55 വരെ ഏകദേശം അഞ്ചര മണിക്കൂറോളം ഗ്രഹണത്തിന്റെ വിവിധ ഘട്ടങ്ങൾ യുഎഇ നിവാസികൾക്ക് കാണാൻ സാധിക്കും.
എന്തുകൊണ്ട് ഇത് അപൂർവ്വമാണ്?
സാധാരണയായി വർഷത്തിൽ പലതവണ ഭാഗിക ചന്ദ്രഗ്രഹണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, പൂർണ്ണ ചന്ദ്രഗ്രഹണം അപൂർവമാണ്. പ്രത്യേകിച്ചും ഇത്രയും ദൈർഘ്യമേറിയതും ലോകമെമ്പാടുമുള്ള 87 ശതമാനം ജനങ്ങൾക്കും കാണാൻ കഴിയുന്നതുമായ ഒരു ഗ്രഹണം വളരെ അപൂർവമാണെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് (DAG) അറിയിച്ചു.
എപ്പോൾ, എവിടെ കാണാം?
സെപ്റ്റംബർ 7-ന് നടക്കുന്ന ഈ ഗ്രഹണം യുഎഇ, മിഡിൽ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ പൂർണ്ണമായി കാണാം. എന്നാൽ കിഴക്കൻ തെക്കേ അമേരിക്കയുടെയും പടിഞ്ഞാറൻ വടക്കേ അമേരിക്കയുടെയും ചില ഭാഗങ്ങളിൽ ഭാഗിക ഗ്രഹണം മാത്രമേ ദോശ്യമാകുകയുള്ളൂ.
‘ബ്ലഡ് മൂൺ’ എന്തുകൊണ്ട്?
ഗ്രഹണം പൂർണ്ണമാകുമ്പോൾ ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നേർരേഖയിൽ വരും. ഈ സമയം ഭൂമിയുടെ നിഴൽ ചന്ദ്രനിൽ വീഴുന്നു. ഇതോടെ ചന്ദ്രൻ ചുവപ്പ് നിറത്തിലോ ഓറഞ്ച് നിറത്തിലോ കാണപ്പെടും. ഇതിനെയാണ് “ബ്ലഡ് മൂൺ” എന്ന് വിളിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശത്തിലെ നീല തരംഗദൈർഘ്യങ്ങൾ ചിതറിപ്പോകുകയും, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള തരംഗദൈർഘ്യങ്ങൾ മാത്രം ചന്ദ്രനിലെത്തുകയും ചെയ്യുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.
കാണാനുള്ള സമയം (യുഎഇ സമയം):
വൈകുന്നേരം 7:28 – പെൻമ്പ്രൽ ഗ്രഹണം ആരംഭിക്കുന്നു
രാത്രി 8:27 – ഭാഗിക ഗ്രഹണം ആരംഭിക്കുന്നു
രാത്രി 9:30 – പൂർണ്ണ ഗ്രഹണം ആരംഭിക്കുന്നു
രാത്രി 10:12 – ഗ്രഹണം അതിന്റെ പൂർണ്ണതയിലെത്തുന്നു
രാത്രി 10:53 – പൂർണ്ണ ഗ്രഹണം അവസാനിക്കുന്നു
രാത്രി 11:56 – ഭാഗിക ഗ്രഹണം അവസാനിക്കുന്നു
അടുത്ത ദിവസം 12:55 – പെൻമ്പ്രൽ ഗ്രഹണം അവസാനിക്കുന്നു
എങ്ങനെ കാണാം?
ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നത് സുരക്ഷിതമാണ്. എങ്കിലും കൂടുതൽ വ്യക്തമായി കാണുന്നതിന് ടെലിസ്കോപ്പ് ഉപയോഗിക്കാവുന്നതാണ്. ദുബായ് അസ്ട്രോണമി ഗ്രൂപ്പ് പൊതുജനങ്ങൾക്കായി ഗ്രഹണം കാണാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിൽ ഗ്രഹണം പകർത്തുന്ന പ്രത്യേക ലൈവ് സ്ട്രീമിംഗ് ഇവന്റും സംഘടിപ്പിക്കും.
അടുത്ത ചന്ദ്രഗ്രഹണങ്ങൾ:
യുഎഇയിൽ ഇനി ദൃശ്യമാകുന്ന അടുത്ത ചന്ദ്രഗ്രഹണം 2028 ജൂലൈ 6-ന് ആയിരിക്കും. 2028 ഡിസംബർ 31-ന് ഒരു പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും, അത് പുതുവത്സര രാവിനെ പ്രകാശപൂരിതമാക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t