ഭാര്യക്ക് മയക്കുമരുന്ന് നൽകിയ കേസിൽ ഏഷ്യക്കാരനായ യുവാവിന് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടു.
അജ്ഞാതനായ ഒരാളിൽ നിന്ന് സോഷ്യൽ മീഡിയ വഴി വാങ്ങിയ മയക്കുമരുന്ന് കൈവശം വെച്ചതിനും, ഭാര്യക്ക് ഉപയോഗിക്കാൻ നൽകിയതിനുമാണ് ശിക്ഷ. കൂടാതെ, യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ ഇയാൾക്ക് മറ്റുള്ളവർക്ക് പണം കൈമാറാനോ നിക്ഷേപിക്കാനോ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
അൽ മുറഖബാത്ത് ഏരിയയിൽ താമസിക്കുന്ന പ്രതിയുടെ ഭാര്യ നിയമവിരുദ്ധ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി ആന്റി-നാർക്കോട്ടിക്സ് വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തുടർന്ന് നടത്തിയ റെയ്ഡിൽ യുവതിയുടെ വീട്ടിൽ നിന്ന് 40 ഗ്രാം ക്രിസ്റ്റലിൻ മെത്താംഫെറ്റാമിനും അതേ മയക്കുമരുന്ന് അടങ്ങിയ തവിട്ടുനിറമുള്ള മറ്റൊരു പദാർത്ഥവും കണ്ടെത്തി. റെയ്ഡ് സമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് അസാധാരണമാംവിധം പരിഭ്രാന്തനായിരുന്നെന്ന്പോലീസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
ഇരുവരുടെയും സാമ്പിളുകളിൽ നടത്തിയ ലബോറട്ടറി പരിശോധനയിൽ ആംഫെറ്റാമൈനും മെത്താംഫെറ്റാമൈനും കണ്ടെത്തി. ഇവ രണ്ടും 2021-ലെ ഫെഡറൽ ഡിക്രി നമ്പർ 3 പ്രകാരം മയക്കുമരുന്നിന്റെ പട്ടികയിൽ ഉൾപ്പെട്ടതാണ്. ഭാര്യക്ക് മയക്കുമരുന്ന് നൽകിയതായി പ്രതി അന്വേഷണത്തിനിടെ സമ്മതിച്ചു.
സോഷ്യൽ മീഡിയയിൽ പരസ്യം കണ്ടാണ് ഇയാൾ മയക്കുമരുന്ന് വാങ്ങിയതെന്നും, വിൽപ്പനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 200 ദിർഹം അയച്ച ശേഷം വാട്‌സ്ആപ്പ് വഴി ജിപിഎസ് ലൊക്കേഷൻ വാങ്ങി സാധനം കൈപ്പറ്റിയെന്നും ഇയാൾ സമ്മതിച്ചു. അപ്പീൽ കോടതിയും ഈ വിധി ശരിവെക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t