ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്ത പണവും നഷ്ടപരിഹാരവും അടക്കം 7,000 ദിർഹം തിരികെ നൽകാൻ പ്രതികളായ രണ്ടുപേരോട് ഉത്തരവിട്ട് അബൂദബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റിവ് കോടതി. പരാതിക്കാരൻ നേരിട്ട ധാർമിക, ഭൗതിക നഷ്ടങ്ങൾ കണക്കിലെടുത്താണ് കോടതി നടപടി. കീഴ്കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.
ഒരു റസ്റ്റാറൻറ് നൽകിയ പരസ്യത്തോട് പ്രതികരിച്ചതിലൂടെയാണ് പരാതിക്കാരന് പണം നഷ്ടമായത്. പരസ്യം കണ്ട് ഓർഡർ നൽകിയപ്പോൾ അവർ അയച്ചുനൽകിയ ലിങ്ക് മുഖേന 11 ദിർഹം അടക്കാൻ നിർദേശം ലഭിച്ചു. ഈ ലിങ്ക് തുറന്നപ്പോൾ പരാതിക്കാരൻറെ അക്കൗണ്ടിൽനിന്ന് 5,000 ദിർഹം തട്ടിപ്പുകാർ പിൻവലിക്കുകയായിരുന്നു. തട്ടിപ്പിനിരയായെന്ന് വ്യക്തമായതോടെ പരാതിക്കാരൻ കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച കോടതി പ്രതികളായ രണ്ടുപേരെയും മൂന്നു മാസത്തെ തടവിനും 20,000 ദിർഹം പിഴക്കും ശിക്ഷിച്ചു.
ഇതിനു പുറമേ ഇരുവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇതിനെതിരെ പ്രതികൾ അപ്പീൽ പോവുകയും കോടതി ശിക്ഷ ലഘൂകരിച്ചു നൽകുകയുമായിരുന്നു. തുടർന്ന് പരാതിക്കാരന് നഷ്ടമായ 5,000 ദിർഹവും നഷ്ടപരിഹാരമായി 2000 ദിർഹവും ചേർത്ത് 7000 ദിർഹം നൽകാൻ അബൂദബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്ട്രേറ്റിവ് കോടതി ഉത്തരവിടുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t