ഏറെ സങ്കീർണ്ണതകൾ തരണം ചെയ്ത് യുഎഇ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കരൾ സ്വീകർത്താവായി അഞ്ചു മാസം പ്രായമുള്ള അഹമ്മദ് യഹ്യ. ഗുരുതര ജനിതക രോഗത്തെത്തുടർന്ന് അഹമ്മദിന് നടത്തിയ കരൾമാറ്റ ശസ്ത്രക്രിയ അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ വിജയകരമായി പൂർത്തിയായി. യു.എ.ഇ സ്വദേശികളായ യഹ്യയുടെയും ഭാര്യ സൈനബ് അൽ യാസിയുടെയും മകൻ അഹ്മദ് അഞ്ചാം മാസത്തിലാണ് കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്. ഇളയമ്മ പകുത്തു നൽകിയ കരൾ മലയാളിയായ ഡോ. ജോൺസ് ഷാജി മാത്യു ഉൾപ്പെടുന്ന ബുർജീൽ മെഡിക്കൽ സിറ്റിയിലെ (ബിഎംസി) മൾട്ടിഡിസിപ്ലിനറി സംഘം വിജയകരമായി അഹമ്മദിലേക്ക് ചേർത്തുവച്ചപ്പോൾ പിറന്നത് അപൂർവ വിജയഗാഥ.
∙ അനിശ്ചിതത്വത്തിൽ നിന്നും പ്രതീക്ഷയിലേക്ക്
2010-ൽ കരൾ രോഗത്തെ തുടർന്ന് മറ്റൊരു മകനെ നഷ്ടപ്പെട്ട യഹ്യക്കും ഭാര്യക്കും അഹമ്മദിന്റെ ജനനം പുതിയൊരു പ്രതീക്ഷയായിരുന്നു. കുടുംബത്തിലെ അഞ്ചാമത്തെ അതിഥിയുടെ വരവ് എല്ലാവരിലും സന്തോഷം നിറച്ചു. എന്നാൽ, ജനിച്ചയുടൻ തന്നെ കുഞ്ഞിന്റെ കരളിന്റെ എൻസൈമുകളിൽ ഉണ്ടായ വർധനവ് ആശങ്ക പടർത്തി.
സ്ഥിരത കൈവരിക്കുമെന്നായിരുന്നു തുടക്കത്തിലെ പ്രതീക്ഷയെങ്കിലും അധികം വൈകാതെ അഹമ്മദിന്റെ നില വഷളാകാൻ തുടങ്ങി. ATP6AP1 എന്ന ജീനിലെ വ്യതിയാനം മൂലം ജന്മനായുള്ള ഗ്ലൈകോസൈലേഷ്യൻ തകരാറാണ് അഹമ്മദിനെന്ന് ഡോക്ടർമാർ കണ്ടെത്തി. ലോകത്തിൽ ഇരുപത്തിയഞ്ചിൽ താഴെ മാത്രം ആളുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അത്യപൂർവ ജനിതക രോഗം.
ശരീരത്തിലെ വിവിധ ഭാഗങ്ങളെ, പ്രത്യേകിച്ച് കരളിനെ ബാധിക്കുന്ന രോഗാവസ്ഥയാണിത്. അഹമ്മദിന്റെ കാര്യത്തിൽ കരൾ പൂർണമായും പ്രവർത്തന രഹിതമാകുന്ന ഘട്ടമായിരുന്നു. ‘അപൂർവമായ ഈ രോഗാവസ്ഥയെ നേരിടുമ്പോൾ ഞങ്ങളുടെ മുൻപിൽ ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങളായിരുന്നു,’ ബിഎംസിയിലെ അബ്ഡോമിനൽ ട്രാൻസ്പ്ലാൻറ് ആൻഡ് ഹെപ്പറ്റോ – പാൻക്രിയാറ്റിക്കോ – ബൈലിയറി സർജൻ ഡോ. ജോൺസ് ഷാജി മാത്യു ഓർക്കുന്നു.ക രൾ മാറ്റി വയ്ക്കുക എന്നത് മാത്രമായിരുന്നു കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനുള്ള പോംവഴി. ജീവിതത്തിലൊരിക്കലും അവയവദാനത്തെ കുറിച്ച് ചിന്തിക്കാത്ത യഹ്യയുടെ സഹോദരന്റെ ഭാര്യ ദാതാവായി എത്തിയതോടെ വീണ്ടും പ്രതീക്ഷയായത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t