യുഎഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയർലൈനിന്റെ മെനുവിൽ തലശ്ശേരി ബിരിയാണി ഇടം നേടിയതോടെ ഈ വിഭവത്തിന്റെ പ്രശസ്തി ആഗോളതലത്തിൽ വർദ്ധിച്ചു. എമിറേറ്റ്‌സ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ഈ നാടൻ വിഭവം ആസ്വദിക്കാം.
എമിറേറ്റ്‌സിന്റെ ഡിന്നർ മെനുവിലാണ് തലശ്ശേരി ബിരിയാണി ഉൾപ്പെടുത്തിയിരിക്കുന്നത്. ബിരിയാണിയോടൊപ്പം കുക്കുംബർ റൈത്തയും പനീർ ചെട്ടിനാടും വിളമ്പും. കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സെക്ടറുകളിലെ യാത്രക്കാർക്ക് ഈ വിഭവങ്ങൾക്കൊപ്പം ഇന്ത്യൻ മസാല ചായയും ലഭ്യമാണ്. എമിറേറ്റ്‌സിന്റെ ഈ തീരുമാനം തലശ്ശേരിക്കാർക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും വലിയ അഭിമാനം നൽകിയിരിക്കുകയാണ്.
തലശ്ശേരി ബിരിയാണിയുടെ തനത് രുചിക്ക് കാരണം ജീരകശാല അരിയാണ്. എമിറേറ്റ്‌സ് എയർലൈൻസിന്റെ ഈ നീക്കം ജീരകശാല അരിയുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ, ഈ അരിയുടെ വില കിലോയ്ക്ക് 120 രൂപയിൽ നിന്ന് 182 രൂപയായി ഉയർന്നു. വരും ദിവസങ്ങളിലും വില ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്.
ചരിത്രമനുസരിച്ച്, ബനാറസ് അബ്ദുള്ള എന്ന വ്യക്തിയാണ് തലശ്ശേരിയിൽ ഈ വിഭവം പരിചയപ്പെടുത്തിയത്. തുടക്കത്തിൽ മാഹിയിലും കണ്ണൂരിന്റെ ചില ഭാഗങ്ങളിലും മാത്രമാണ് ജീരകശാല അരി ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ തലശ്ശേരി ബിരിയാണിയുടെ തനത് രുചി ലഭിക്കുന്നതിനായി മിക്കയിടങ്ങളിലും ജീരകശാല അരി ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t