‘ഡ്രൈവർ അശ്രദ്ധമായി വാഹനമോടിച്ചു’; തുർക്കിയിൽ അപകടത്തിൽ മരിച്ച എമിറാത്തി പൗരൻ്റെ ഭാര്യയുടെ വെളിപ്പെടുത്തൽ

തുർക്കിയിലെ ട്രാബ്സോൺ പ്രവിശ്യയിലുണ്ടായ ടൂറിസ്റ്റ് ബസ് അപകടത്തിൽ മരിച്ച യുഎഇ പൗരനായ അബ്ദുൽ മജീദ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിമിൻ്റെ ഭാര്യ, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് വെളിപ്പെടുത്തി. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഭർത്താവ് ഫോണിൽ വിളിച്ചപ്പോൾ ഡ്രൈവിംഗിനെക്കുറിച്ച് പരാതി പറഞ്ഞതായി അവർ പ്രാദേശിക മാധ്യമമായ ‘എമിറാത്ത് അൽ യൗമി’നോട് പറഞ്ഞു.

അഞ്ചുമാസം ഗർഭിണിയായതിനാൽ അവർക്ക് കുടുംബത്തോടൊപ്പം തുർക്കി യാത്രയിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. ഭർത്താവിൻ്റെ സുരക്ഷിതമായ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നുവെന്നും എന്നാൽ ദൈവത്തിൻ്റെ തീരുമാനം തടുക്കാൻ ആർക്കും കഴിയില്ലെന്നും അവർ വേദനയോടെ പറഞ്ഞു.

അബ്ദുൽ മജീദിൻ്റെ ആദ്യ ട്രാബ്സോൺ യാത്രയായിരുന്നു ഇത്. അദ്ദേഹത്തിൻ്റെ മാതാപിതാക്കൾക്കും സഹോദരനും സഹോദരിക്കുമൊപ്പം കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബം യുഎഇയിൽ നിന്ന് പുറപ്പെട്ടത്. അപകടം നടന്നത് യാത്രയുടെ രണ്ടാം ദിവസമാണ്.

അപകടം നടന്ന വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്കാണ് ഭർത്താവുമായി അവസാനമായി സംസാരിച്ചതെന്ന് ഭാര്യ നഈമ ഇദ്രീസ് പറഞ്ഞു. ആ സംഭാഷണത്തിൽ, ഡ്രൈവർ അശ്രദ്ധമായി വാഹനമോടിക്കുന്നതായി അദ്ദേഹം തന്നോട് പറഞ്ഞിരുന്നു. മലമ്പാതയിലൂടെ സാവധാനം പോവുകയായിരുന്ന മറ്റൊരു ഡ്രൈവറുമായി വാക്കുതർക്കമുണ്ടായതിന് ശേഷം ബസ് ഡ്രൈവർ അപകടകരമായ രീതിയിൽ അതിവേഗത്തിൽ ഓവർടേക്ക് ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഭർത്തൃമാതാവ് പറഞ്ഞതായി നഈമ വ്യക്തമാക്കി. പെട്ടെന്നുണ്ടായ അപകടത്തിൽ വാഹനത്തിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ എത്തിയാണ് പുറത്തെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവിൻ്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി താൻ ഉടൻ തന്നെ തുർക്കിയിലേക്ക് യാത്ര തിരിച്ചതായും അവർ അറിയിച്ചു.

അപകടത്തെ തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് തുർക്കി അധികൃതർ അറിയിച്ചതായും അവർ പറഞ്ഞു. പരിക്കേറ്റ ഭർത്തൃപിതാവിനും ഭർത്താവിൻ്റെ ഇളയ സഹോദരനും ഇപ്പോഴും ട്രാബ്സോണിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും നഈമ വ്യക്തമാക്കി.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്തൃപിതാവിന് തലയ്ക്കും കൈകൾക്കും പൊട്ടലുകളുണ്ടെന്ന് അദ്ദേഹത്തിൻ്റെ മകൻ മർവാൻ മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. ഇദ്ദേഹത്തെ യുഎഇയിലേക്ക് മാറ്റുന്നതിന് മുമ്പ് തുർക്കിയിൽ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലുള്ള ഇളയ സഹോദരൻ ഇബ്രാഹിമിന് നട്ടെല്ലിനും നെഞ്ചിനും ഇടുപ്പിനും പൊട്ടലുകളുണ്ട്. ദിവസത്തിൽ ഒരു തവണ മാത്രമാണ് സന്ദർശിക്കാൻ അനുമതിയുള്ളത്.

ട്രാബ്സോൺ ഗവർണർ ഓഫീസിൻ്റെ പ്രസ്താവന പ്രകാരം, സ്വകാര്യ കമ്പനിയുടെ ടൂറിസ്റ്റ് വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും 50 മീറ്ററോളം താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. സംഭവത്തിൽ രണ്ട് എമിറാത്തി പൗരന്മാർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരെ 18 വയസ്സുള്ള മറിയം മുഹമ്മദ് അഹമ്മദ് ഇബ്രാഹിം, 32 വയസ്സുള്ള അബ്ദുൽ മജീദ് മുഹമ്മദ് അഹമ്മദ് ഇബ്രാഹിം എന്നിവരായി തിരിച്ചറിഞ്ഞിട്ടുണ്ട്. 60 വയസ്സുള്ള മുഹമ്മദ് അഹമ്മദ് ഇബ്രാഹിം, 53 വയസ്സുള്ള സമീറ മുഹമ്മദ് അബ്ദുൽറഹ്മാൻ, 15 വയസ്സുള്ള ഇബ്രാഹിം മുഹമ്മദ് അഹമ്മദ് ഇബ്രാഹിം എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top