അനധികൃത സൗന്ദര്യ ചികിത്സകൾ നടത്തിയ മൂന്ന് സ്ത്രീകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ ഒരു അപ്പാർട്ട്മെന്റിൽ വെച്ച് സൗന്ദര്യവർധക ചികിത്സകൾ നടത്തിയതിനാണ് ഇവർ പിടിയിലായത്.
ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA) സഹകരണത്തോടെ ആന്റി-ഇക്കണോമിക് ക്രൈം ഡിപ്പാർട്ട്‌മെന്റാണ് പ്രതികളെ പിടികൂടിയത്. ഈ പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ സുരക്ഷക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതും യുഎഇ നിയമങ്ങളുടെ ലംഘനവുമാണെന്ന് അധികൃതർ അറിയിച്ചു.
സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. റെയ്ഡിൽ, അനധികൃത ചികിത്സക്കായി ഉപയോഗിച്ചിരുന്ന മെഡിക്കൽ ഉപകരണങ്ങളും ലൈസൻസില്ലാത്ത മരുന്നുകളും പോലീസ് പിടിച്ചെടുത്തു. നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ലൈസൻസില്ലാത്ത സ്ഥലങ്ങളിൽ വൈദ്യപരിശോധനകളോ സൗന്ദര്യ ചികിത്സകളോ ചെയ്യുന്നത് ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അംഗീകൃത സ്ഥാപനങ്ങളിൽ മാത്രം ചികിത്സ തേടാനും സേവനദാതാക്കളുടെ യോഗ്യതകൾ ഉറപ്പുവരുത്താനും ദുബായ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അനധികൃത വൈദ്യസേവനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ “പോലീസ് ഐ” സേവനം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ അധികൃതരെ അറിയിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു. ലൈസൻസില്ലാത്ത ചികിത്സകൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും ദുബായ് പോലീസ് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t