അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; മുന്‍കൂര്‍ ജാമ്യം ലഭിച്ചത് അറിഞ്ഞിരുന്നില്ലെന്ന് പിതാവ്

ഷാർജയിലെ ഫ്ലാറ്റിൽ മലയാളി സ്വദേശി ടി. അതുല്യ ശേഖറിനെ (30) മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് ശാസ്താംകോട്ട മനക്കര സജി നിവാസിൽ സതീഷ് ശങ്കറിനെ (40) അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നലെ രാവിലെ എത്തിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട്, വലിയതുറ പോലീസിനു കൈമാറുകയായിരുന്നു. കൊല്ലം സെഷൻസ് കോടതി സതീഷിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് സതീഷ് നാട്ടിലെത്തിയത്. പോലീസ് ലുക്കൗട്ട് നോട്ടിസും പുറത്തിറക്കിയിരുന്നു. വലിയതുറ പോലീസ് അറസ്റ്റ് ചെയ്ത ശേഷം കേസ് അന്വേഷിക്കുന്ന കൊല്ലം ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി. ഉച്ചയ്ക്ക് മൂന്നോടെ സതീഷിനെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കി വിട്ടയച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.വി.രാജു മുൻകൂർജാമ്യം അനുവദിച്ച പശ്ചാത്തലത്തിലാണ് വിട്ടയച്ചത്. കേസിന്റെ പശ്ചാത്തലത്തിൽ ദുബായിൽ തനിക്കു ജോലി നഷ്ടപ്പെട്ടെന്നും തിരികെ നാട്ടിൽ എത്തുമ്പോൾ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും കാണിച്ചു നൽകിയ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണു പരിഗണിച്ചത്. അന്നുതന്നെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ, സതീഷിന് മുൻകൂർജാമ്യം ലഭിച്ചതു തങ്ങൾ അറിഞ്ഞിരുന്നില്ലെന്ന് അതുല്യയുടെ പിതാവ് രാജശേഖരൻപിള്ള പറഞ്ഞു. ജൂലൈ 19ന് ആണ് ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top