ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശിനി അതുല്യയുടെ (30) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ ഷാർജയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് എമിഗ്രേഷൻ വിഭാഗം ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വലിയതുറ പോലീസ് സതീഷിനെ അറസ്റ്റ് രേഖപ്പെടുത്തി.
അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തത്. കൊല്ലം തേവലക്കര സ്വദേശിനിയായ അതുല്യയെ ജൂലൈ 19-നാണ് ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിന് തൊട്ടുപിന്നാലെ, അതുല്യയെ സതീഷ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഷാർജയിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ അതുല്യയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ, മൃതദേഹം നാട്ടിലെത്തിച്ച് റീ-പോസ്റ്റ്മോർട്ടം നടത്തി. നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
ഭർത്താവിൽ നിന്ന് നിരന്തരമായി മർദനമേറ്റിരുന്നതായി അതുല്യ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങളും പുറത്തുവന്നിരുന്നു. 30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവർക്ക് പത്ത് വയസ്സുള്ള ഒരു മകളുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t