ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് നിലയിലേക്ക് ഇടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കാൻ തിരക്ക് കൂട്ടി പ്രവാസി ഇന്ത്യക്കാർ. ചൊവ്വാഴ്ച രൂപയുടെ മൂല്യത്തിലുണ്ടായ ഈ വലിയ ഇടിവ് പ്രവാസികൾക്ക് നേട്ടമായി. എക്സി റിപ്പോർട്ട് അനുസരിച്ച്, ചൊവ്വാഴ്ച ഒരു ദിർഹമിന് 23.93 രൂപയായിരുന്നു പുതിയ വിനിമയ നിരക്ക്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തുമെന്ന ഭീഷണിയാണ് രൂപയുടെ മൂല്യം ഇടിയാൻ പ്രധാന കാരണം. കഴിഞ്ഞ ബുധനാഴ്ചയും ട്രംപിന്റെ ഭീഷണിയെ തുടർന്ന് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. അന്ന് ഒറ്റ ദിവസം കൊണ്ട് 89 പൈസയുടെ കുറവുണ്ടായി, ഒരു ഡോളറിന് 87.80 രൂപയായിരുന്നു മൂല്യം. രണ്ട് ദിവസത്തിന് ശേഷം രൂപയുടെ മൂല്യം നേരിയ തോതിൽ മെച്ചപ്പെട്ടെങ്കിലും വീണ്ടും ട്രംപിന്റെ ഭീഷണി വന്നതോടെ ഡോളറിന് 7 പൈസ കൂടി 87.87 രൂപയായി. ഇതിന് ആനുപാതികമായി ഗൾഫ് കറൻസികളുടെ മൂല്യവും ഉയർന്നതാണ് പ്രവാസികൾക്ക് ഗുണകരമായത്.
കഴിഞ്ഞ രണ്ടാഴ്ചയായി ഒരു ദിർഹമിന് 23.30 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഒറ്റയടിക്ക് 63 പൈസ കൂടി 23.93 രൂപയിലെത്തി. എമിറേറ്റ്സ് എൻ.ബി.ഡി പോലുള്ള പ്രമുഖ ബാങ്കുകളിൽ ഒരു ദിർഹമിന് 23.73 രൂപയാണ് ലഭിച്ചത്. ഇത് അടുത്ത കാലത്തുണ്ടായ ഏറ്റവും ഉയർന്ന വിനിമയ നിരക്കാണ്. ട്രംപിന്റെ പ്രസ്താവനയ്ക്ക് പുറമേ, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനയും രൂപയ്ക്ക് തിരിച്ചടിയായി.
ഈ അവസരം മുതലെടുക്കാൻ ബാങ്കിങ് ആപ്പുകൾ വഴിയും എക്സ്ചേഞ്ച് വഴിയും പരമാവധി പണം നാട്ടിലേക്ക് അയക്കാൻ പ്രവാസികൾ ശ്രമിച്ചു. മാസാദ്യം ശമ്പളം ലഭിച്ചതിനാൽ കൂടുതൽ പേർക്ക് ഈ നിരക്ക് വർധനയുടെ പ്രയോജനം ലഭിച്ചു. പല പേയ്മെന്റ് ആപ്പുകളും ഗൂഗിൾ നിരക്ക് തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ 1000 ദിർഹമിന് 23,900 രൂപ ലഭിക്കും, നേരത്തെ ഇത് 23,350 രൂപയായിരുന്നു. ഒറ്റ ദിവസം കൊണ്ട് 550 രൂപയുടെ വർധനവാണ് ലഭിച്ചത്. ഇനിയും മൂല്യം ഇടിയാൻ സാധ്യതയുണ്ടെന്ന് ചിലർ കരുതുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t