സ്വിറ്റ്‌സർലൻഡിലേക്ക് ഷെംഗൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർ പുതിയ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ദുബായിലെ വീസാ അപേക്ഷാ കേന്ദ്രങ്ങളിൽ ഇനിമുതൽ വിഎഫ്എസ് ഗ്ലോബൽ പുറത്തിറക്കിയ ഔദ്യോഗിക ചെക്ക്‌ലിസ്റ്റിലെ രേഖകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ സമർപ്പിക്കുമ്പോൾ ആദ്യത്തെയും അവസാനത്തെയും മൂന്ന് പേജുകൾ മാത്രം മതി എന്ന നിബന്ധന ഓൺലൈനിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഈ മാറ്റം എല്ലാ അപേക്ഷകർക്കും പ്രായോഗികമായിരിക്കില്ല എന്നതാണ് ആശങ്കയ്ക്ക് കാരണം.
ഔദ്യോഗിക ചെക്ക്‌ലിസ്റ്റിലെ പ്രധാന രേഖകൾ:
യാത്ര കഴിഞ്ഞ് മൂന്ന് മാസം വരെ കാലാവധിയുള്ളതും, രണ്ട് ഒഴിഞ്ഞ പേജുകളുള്ളതും, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നൽകിയതുമായ പാസ്‌പോർട്ട്.
ആറ് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തതും വെള്ള പശ്ചാത്തലമുള്ളതുമായ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ.
പൂരിപ്പിച്ച് ഒപ്പിട്ട വീസ അപേക്ഷാ ഫോം.
തൊഴിലുടമയുടെ സ്ഥാപനത്തിൻ്റെ ലെറ്റർഹെഡിൽ, എച്ച്ആർ/ഡയറക്ടർ ഒപ്പിട്ടതും സീൽ ചെയ്തതുമായ ഇൻട്രൊഡക്ഷൻ ലെറ്റർ.
യാത്രാ ഇൻഷുറൻസ്.
വിമാന ടിക്കറ്റ് റിസർവേഷൻ.
ഹോട്ടൽ റിസർവേഷൻ അല്ലെങ്കിൽ ടൂർ പാക്കേജിന്റെ സ്ഥിരീകരണം.
സാമ്പത്തിക ഭദ്രത തെളിയിക്കുന്ന രേഖകൾ (ശമ്പള സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെൻ്റ്, ഐടിആർ).
അപേക്ഷാ നടപടികളിൽ മറ്റ് മാറ്റങ്ങളും
ജൂൺ 18 മുതൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് വിഎഫ്എസ് ഗ്ലോബലിന്റെ പോർട്ടലിൽ ഓൺലൈനായി വീസാ അപേക്ഷാ ഫോം പൂരിപ്പിക്കണം. അപ്പോയിന്റ്മെന്റ് എടുത്ത ശേഷം ഫോം പൂരിപ്പിച്ചിരുന്ന പഴയ രീതിക്ക് പകരം ഈ മാറ്റം അപേക്ഷാ പ്രക്രിയ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്നാണ് വിഎഫ്എസ് ഗ്ലോബൽ പറയുന്നത്. ഫ്രാൻസ്, ജർമനി പോലുള്ള രാജ്യങ്ങളിലും ഈ രീതിയാണ് നിലവിലുള്ളത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t