ഡമ്മി പാഴ്സലിൽ കുടുക്കി; 15 കിലോ ലഹരിമരുന്ന് കടത്തിയ ഏഷ്യക്കാര യുഎഇയിൽ പിടിയിൽ, നാടുകടത്തും

യുഎസിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള 15 കിലോഗ്രാം നിരോധിത ലഹരിമരുന്ന് കടത്തിയ കേസിൽ 56 വയസ്സുള്ള ഏഷ്യക്കാരന് ദുബായ് കോടതി ജീവപര്യന്തം തടവും അഞ്ച് ലക്ഷം ദിർഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ, ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തേക്ക് ഇദ്ദേഹത്തിന് സാമ്പത്തിക കൈമാറ്റങ്ങളോ പണമിടപാടുകളോ നടത്താൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ദുബായിലെ ഒരു കൊറിയർ ഹബിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ നടത്തിയ പരിശോധനയിലാണ് ഈ വൻ ലഹരിക്കടത്ത് കണ്ടെത്തിയത്. അമേരിക്കയിൽ നിന്നും യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും വന്ന പാഴ്സലുകളിൽ അസാധാരണമായ ഭാരവും വ്യാവസായികാടിസ്ഥാനത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ച് മുറുക്കി പായ്ക്ക് ചെയ്തതും സംശയത്തിന് കാരണമായി. തുടർന്ന് നടത്തിയ ഫൊറൻസിക് പരിശോധനയിൽ, വസ്ത്രങ്ങൾക്കും പ്ലാസ്റ്റിക് കവറുകൾക്കുമിടയിൽ ഒളിപ്പിച്ച നിലയിൽ 15 കിലോഗ്രാം ക്ലാസ് എ വിഭാഗത്തിൽപ്പെട്ട ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു.

ലഹരിമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് ദുബായ് പൊലീസിന്റെ ആന്റി-നാർക്കോട്ടിക് വിഭാഗം പ്രതിയെ പിടികൂടാൻ തന്ത്രപരമായ നീക്കം നടത്തി. യഥാർത്ഥ ലഹരിമരുന്നുകൾക്ക് പകരം ഡമ്മി സാധനങ്ങൾ വെച്ച് പാഴ്സൽ പിന്തുടർന്ന് പൊലീസ് ദുബായിലെ ഡെലിവറി സെന്ററിൽ ലഹരിമരുന്ന് കൈപ്പറ്റാനെത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആദ്യം കുറ്റം നിഷേധിക്കുകയും പാഴ്സലുകളുടെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ലെന്ന് വാദിക്കുകയും ചെയ്ത പ്രതിക്കെതിരെ സിസിടിവി ദൃശ്യങ്ങൾ, ഫൊറൻസിക് റിപ്പോർട്ടുകൾ, കസ്റ്റംസ് രേഖകൾ എന്നിവ ഉൾപ്പെടെയുള്ള ശക്തമായ തെളിവുകൾ പ്രോസിക്യൂട്ടർമാർ ഹാജരാക്കി. തെളിവുകൾ നിർണായകമാണെന്ന് കണ്ടെത്തിയ കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. പ്രതി അപ്പീൽ കോടതിയിൽ ഈ വിധിയെ ചോദ്യം ചെയ്തെങ്കിലും വിധി ശരിവച്ചു.

ലഹരിമരുന്ന് കടത്തലിനോട് യുഎഇക്ക് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളതെന്നും, ലഹരിമരുന്ന് കടത്താൻ ശ്രമിക്കുന്നവർക്ക്, അതിന്റെ അളവ് എത്രയാണെങ്കിലും കർശനമായ ശിക്ഷ ലഭിക്കുമെന്നും ദുബായ് പൊലീസ് വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top