വീസ അപേക്ഷകർ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണം: ജിഡിആർഎഫ്എയുടെ മുന്നറിയിപ്പ് ഇങ്ങനെ

ദുബായിൽ വീസയ്ക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ അപേക്ഷകളിൽ നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ-ദുബായ്) അറിയിച്ചു. അപേക്ഷകർ ഈ കാര്യത്തിൽ നിരന്തരം അശ്രദ്ധ വരുത്തുന്ന സാഹചര്യത്തിലാണ് ജിഡിആർഎഫ്എ ഈ നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. വീസ സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ വിവരങ്ങൾ നൽകുന്നത് നടപടിക്രമങ്ങൾക്ക് സ്വാഭാവികമായും കാലതാമസം വരുത്തുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ശരിയായതും കൃത്യമായതുമായ വിവരങ്ങൾ വീസ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കും.

ദുബായിൽ ആളുകൾ ആമർ സെന്ററുകൾ വഴിയോ വകുപ്പിന്റെ സ്മാർട്ട് ചാനലുകൾ വഴിയോ എമിഗ്രേഷൻ വിഭാഗത്തിലേക്ക് സമർപ്പിക്കുന്ന സേവന അപേക്ഷകളിൽ വ്യക്തി വിവരങ്ങൾ, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ, പേരുകളിലെ സ്പെല്ലിങ് എന്നിവയെല്ലാം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. അപേക്ഷ-നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താക്കളെ അറിയിക്കുന്നത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനാൽ, അപേക്ഷിച്ച വിവരങ്ങൾ ശരിയാണെന്ന് സേവനം തേടുന്നവർ എപ്പോഴും ശ്രദ്ധിക്കണമെന്ന് പൊതുജങ്ങളെ ഓർമിപ്പിച്ചു.

ഏറ്റവും വേഗത്തിലാണ് ദുബായിൽ വീസ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. ഉപയോക്താക്കൾക്ക് എല്ലായ്പ്പോഴും സന്തോഷകരമായ സേവനങ്ങൾ നൽകാനാണ് ജനറൽ ഡയറക്ടറേറ്റ് ശ്രദ്ധിക്കുന്നതെന്നും ജിഡിആർഎഫ്എ തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. എന്നാൽ, ഉപയോക്താക്കൾ നൽകുന്ന തെറ്റായ വിവരങ്ങൾ കാരണം ചില സമയങ്ങളിൽ അപേക്ഷകൾക്ക് മേൽ നടപടികൾക്ക് കാലതാമസം വരുന്നുണ്ട്.

അതിനാൽ, അപേക്ഷകർ വ്യക്തമായ വിവരങ്ങൾ നൽകാനും അപേക്ഷിച്ചത് ശരിയായാണെന്ന് ആവർത്തിച്ച് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അപേക്ഷയിലെ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്തമാണ്. അപേക്ഷകൾ ടൈപ്പ് ചെയ്ത ശേഷം എമിഗ്രേഷനിലേക്ക് സമർപ്പിക്കുന്നതിന് മുൻപ് വിവരങ്ങൾ ശരിയാണെന്ന് ശ്രദ്ധിക്കുന്നത് ഏറ്റവും വേഗത്തിൽ സന്തോഷകരമായ സേവനങ്ങൾ ഉറപ്പുവരുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top