അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രൈവറില്ലാ ബാഗേജ് വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അംഗീകാരം നൽകി. ഇതോടെ വിമാനത്താവളത്തിലെ ചരക്ക് നീക്കത്തിന് ഓട്ടോണമസ് ട്രക്കുകൾ ഉപയോഗിക്കാൻ ഔദ്യോഗിക അനുമതിയായി.
വിമാനത്തിൽ നിന്ന് ലഗേജുകൾ കൺവെയർ ബെൽറ്റുകളിലേക്ക് എത്തിക്കുന്നത് ഡ്രൈവറില്ലാ വാഹനങ്ങളായിരിക്കും. ഈ വാഹനങ്ങൾ വിമാനത്തിന് സമീപത്തേക്ക് വിടുന്നതിന് സിവിൽ ഏവിയേഷൻറെ പ്രത്യേക അനുമതി ആവശ്യമായിരുന്നു.
ഡ്രൈവർ തസ്തികകൾ ഇല്ലാതാകും; മാനുഷിക പിഴവുകൾ ഒഴിവാക്കാം
ഗ്രൗണ്ട് ഹാൻഡിലിംഗ് ജോലികൾക്ക് ഓട്ടോണമസ് വാഹനങ്ങൾ വരുന്നതോടെ ഡ്രൈവർ തസ്തികകൾ ഇല്ലാതാകും. ലഗേജ് കൈകാര്യം ചെയ്യുന്നത് പൂർണ്ണമായും യന്ത്രങ്ങളാകുന്നതോടെ മാനുഷിക പിഴവുകൾ ഇല്ലാതാകുമെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. വ്യോമയാന രംഗത്ത് സ്മാർട്ട് മൊബിലിറ്റി അവതരിപ്പിക്കുന്ന മുൻനിര രാജ്യങ്ങളുടെ കൂട്ടത്തിലേക്ക് യുഎഇയും എത്തുകയാണെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു. ഇത് ഭാവിയിൽ വ്യോമയാന മേഖലയിൽ സംഭവിക്കാൻ പോകുന്ന യന്ത്രവൽക്കരണത്തിന്റെ മാതൃക കൂടിയായിരിക്കുമെന്നും സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു.
മറ്റ് വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും
അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിലെ പരീക്ഷണം വിജയിച്ചാൽ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും ഡ്രൈവറില്ലാ ട്രക്കുകൾ ഉപയോഗിക്കും. ഡ്രൈവറില്ലാ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കൃത്യമായ റൂട്ടുകളും അനുബന്ധ സിഗ്നലുകളും വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തോടെ മുൻകൂട്ടി തയ്യാറാക്കിയ പ്രോഗ്രാമുകൾ അനുസരിച്ചാണ് വാഹനം മുന്നോട്ട് നീങ്ങുന്നത്. മാനുഷിക പിഴവുകളില്ലാതെ ഈ വാഹനങ്ങൾ പ്രവർത്തിക്കുമെന്നും വാഹന നിർമ്മാണ കമ്പനി അവകാശപ്പെടുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t