ഷാർജയിൽ മരിച്ച ടി. അതുല്യയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിക്കും. പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലായിരിക്കും പോസ്റ്റ്‌മോർട്ടം നടത്തുക.
മൃതദേഹത്തിനൊപ്പം അതുല്യയുടെ സഹോദരി അഖിലയും അഖിലയുടെ ഭർത്താവും നാട്ടിലെത്തും. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷ് ശങ്കറിനെതിരെ കേസെടുത്തിട്ടുണ്ട്.
ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ മാസം 19-ന് പുലർച്ചെയാണ് തേവലക്കര കോയിവിള സൗത്ത് അതുല്യ ഭവനിൽ ടി. അതുല്യയെ ഭർത്താവിനൊപ്പം താമസിച്ചുവന്ന ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി സഹോദരി പരാതി നൽകിയതിനെത്തുടർന്ന് ഇയാളെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അതേസമയം, മരണം ആത്മഹത്യയാണെന്ന് ഷാർജ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഷാർജയിൽ നിന്നുള്ള ഫോറൻസിക് ഫലവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അത് പരിശോധിച്ച ശേഷം ഇന്ന് രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ-പോസ്റ്റ്‌മോർട്ടം നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t