തട്ടിപ്പിൽ വീഴല്ലേ! ‘വേഗത്തിൽ വീസ’ വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ; ജാഗ്രത പാലിക്കാൻ യുഎഇയുടെ മുന്നറിയിപ്പ്

കുറഞ്ഞ നടപടിക്രമങ്ങളിലൂടെ അതിവേഗം യുഎഇ വീസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കും തട്ടിപ്പുകൾക്കുമെതിരെ ജാഗ്രത പാലിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) മുന്നറിയിപ്പ് നൽകി. രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർ അംഗീകൃത സർക്കാർ സംവിധാനങ്ങൾ വഴി മാത്രം വീസ നടപടികൾ പൂർത്തിയാക്കണം എന്നും ഐസിപി നിർദ്ദേശിച്ചു.

അനധികൃത സ്ഥാപനങ്ങളും വ്യക്തികളും സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഐസിപി വ്യക്തമാക്കി. യുഎഇ വീസ നടപടികൾ ലളിതവും സുതാര്യവുമാണെന്നും, ഔദ്യോഗിക സംവിധാനങ്ങളിലൂടെ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാമെന്നും ഐസിപി ഓർമ്മിപ്പിച്ചു. അതിനാൽ, ഇത്തരം തട്ടിപ്പുകാരുടെ വാഗ്ദാനങ്ങളിൽ വീഴരുതെന്നും ഐസിപി ആവശ്യപ്പെട്ടു.

തട്ടിപ്പുകാരുടെ രീതികളും ഭീഷണികളും

കുറഞ്ഞ നടപടിക്രമങ്ങളിലൂടെ വേഗത്തിൽ വീസ നൽകാമെന്ന് വാഗ്ദാനം ചെയ്യുന്ന ഈ കമ്പനികൾക്ക് രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളുമായി യാതൊരു ബന്ധവുമില്ല. ഇവർക്ക് ഐസിപിയിൽ നിന്ന് യാതൊരു പ്രത്യേക ആനുകൂല്യമോ സൗകര്യങ്ങളോ ലഭിക്കുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി പണമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് ഐസിപി മുന്നറിയിപ്പ് നൽകി. സർക്കാർ സേവനങ്ങൾ നൽകുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവർത്തിക്കുന്ന ഈ കമ്പനികൾ, ഐസിപിയുമായി ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പ്രചാരണങ്ങൾ നടത്തുന്നത്.

ഇവർ സാധാരണ ഫീസിൻ്റെ പലമടങ്ങ് അധികം പണം ഈടാക്കുന്നതായും ഐസിപി അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഐസിപിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും, സർക്കാർ സേവനങ്ങളുടെ സുതാര്യത നഷ്ടപ്പെടുത്താനും, കരിഞ്ചന്ത പ്രോത്സാഹിപ്പിക്കാനും ഇടയാക്കും. ഇത് രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയാണെന്നും ഐസിപി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അത്തരം കമ്പനികളെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും, ഇവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top