ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിന് 40 റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) നടപടി സ്വീകരിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 140-ൽ അധികം നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
നിയമലംഘനങ്ങളും നഷ്ടപരിഹാര വ്യവസ്ഥകളും
തൊഴിലാളികൾക്ക് ശാരീരികക്ഷമതയില്ലെന്ന് തെളിഞ്ഞാൽ തൊഴിലുടമകൾക്ക് നിയമനത്തിനായി ചെലവഴിച്ച തുക തിരികെ നൽകണമെന്ന് നിയമമുണ്ട്. തൊഴിലെടുക്കാൻ സാധിക്കാത്തവരെ റിക്രൂട്ടിങ് ഏജൻസികളിൽ തിരിച്ചെത്തിച്ച് രണ്ടാഴ്ചയ്ക്കകം മുഴുവനായോ ഭാഗികമായോ പണം തൊഴിലുടമയ്ക്ക് തിരികെ നൽകണം. ഒരു തൊഴിലാളി ജോലിയിൽ നിന്ന് വിട്ടുനിന്നാൽ, ഓഫീസുകളെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെങ്കിൽ, വിട്ടുനിന്ന ദിവസം മുതലുള്ള തുക കണക്കാക്കി പണം തിരിച്ചുനൽകണം.
മന്ത്രാലയം അംഗീകരിച്ച സ്പോൺസറും ഏജൻസിയും തമ്മിലുള്ള പാക്കേജ് അടിസ്ഥാനമാക്കിയാണ് ഈ തുക നിശ്ചയിക്കേണ്ടത്. നിശ്ചിത തുക തിരികെ നൽകുന്നതിൽ വീഴ്ച വരുത്തിയ ഏജൻസികളാണ് നിലവിൽ നടപടി നേരിട്ടത്. ഗാർഹിക നിയമനവുമായി ബന്ധപ്പെട്ട പരാതികൾ മന്ത്രാലയത്തിന്റെ കോൾ സെന്റർ (80084) വഴി അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t