വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട 1.1 ദശലക്ഷം ദിർഹം (ഏകദേശം 2.5 കോടി ഇന്ത്യൻ രൂപ) വിലവരുന്ന രത്നാഭരണങ്ങളടങ്ങിയ ബാഗ് ദുബായ് പോലീസ് വീണ്ടെടുത്തു. ബംഗ്ലാദേശിൽ നിന്നാണ് ഈ ബാഗ് കണ്ടെത്തിയത്.
ജി.സി.സി.യിലെ മറ്റൊരു രാജ്യത്ത് നടക്കുന്ന ഒരു എക്സിബിഷനിൽ പങ്കെടുക്കാൻ യു.എ.ഇ.യിൽ നിന്ന് പോകുകയായിരുന്ന ഒരു ജ്വല്ലറി ഉടമയ്ക്കാണ് ബാഗ് നഷ്ടപ്പെട്ടത്. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴാണ് തനിക്ക് ലഭിച്ചത് ആഭരണങ്ങളടങ്ങിയ ബാഗല്ലെന്നും മറ്റൊരാളുടെ ബാഗാണെന്നും ഇദ്ദേഹം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ യു.എ.ഇ.യിലേക്ക് തിരികെ വന്ന് ദുബായ് എയർപോർട്ട് സെക്യൂരിറ്റിയിൽ പരാതി നൽകി.
എയർപോർട്ട് അതോറിറ്റി രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ, ഒരു ബംഗ്ലാദേശ് യാത്രക്കാരൻ സുരക്ഷാ പരിശോധനയ്ക്കിടെ ആഭരണങ്ങളടങ്ങിയ ബാഗ് മാറി എടുത്തതാണെന്ന് കണ്ടെത്തി. രണ്ട് ബാഗുകളും സമാനമായതിനാലാണ് ഈ ആശയക്കുഴപ്പം ഉണ്ടായത്. ഇദ്ദേഹം ദുബായിൽ നിന്ന് ബംഗ്ലാദേശിലേക്ക് പോവുകയായിരുന്നു. ഇത് അറിയാതെ ജ്വല്ലറി ഉടമ മറ്റൊരാളുടെ സമാന ബാഗാണ് കൊണ്ടുപോയത്.
വിവരം എയർപോർട്ട് അതോറിറ്റി ഉടൻ തന്നെ ദുബായ് പോലീസിനെ അറിയിച്ചു. തുടർന്ന്, ദുബായ് പോലീസ് ധാക്കയിലെ യു.എ.ഇ. എംബസിയുമായും മറ്റ് അധികാരികളുമായും നേരിട്ട് ബന്ധപ്പെട്ട് ബാഗ് മാറി എടുത്ത ബംഗ്ലാദേശ് യാത്രക്കാരന്റെ സ്ഥാനം കണ്ടെത്തുകയും ബാഗ് തിരികെ യു.എ.ഇ.യിൽ എത്തിക്കുകയും ചെയ്തു.
നഷ്ടപ്പെട്ട ബാഗ് അതിവേഗം കണ്ടെത്താൻ സഹായിച്ച യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിനും ബംഗ്ലാദേശിലെ യു.എ.ഇ. അംബാസഡർ അബ്ദുള്ള അലി അബ്ദുള്ള അൽ ഹുമൈദിക്കും ദുബായ് പോലീസ് നന്ദി അറിയിച്ചു. ബാഗ് കണ്ടെത്തി നൽകിയ ദുബായ് പോലീസിന് ഉടമയും നന്ദി രേഖപ്പെടുത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t