കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ കവർന്ന കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. കവർച്ച ചെയ്ത പണം മുഖ്യപ്രതിയായ സതീഷ് ഭരത്‌രാജിനാണ് കൈമാറിയതെന്ന് വ്യക്തമായതിനെ തുടർന്ന് ഇയാൾക്കെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
സതീഷിന്റെ നിർദ്ദേശപ്രകാരം ജയദാസ് എന്ന പ്രതി ബൈക്കിലെത്തിയ മറ്റുരണ്ടുപേർക്ക് പണം കൈമാറിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ ബൈക്കിന്റെ ഉടമയെ കണ്ടെത്തുകയും, ബൈക്ക് ഉപയോഗിച്ചിരുന്നത് ഭരത്‌രാജാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇയാളുടെ വിവിധ താമസസ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അന്വേഷണസംഘം നടത്തിയ പരിശോധനയിൽ ഭരത്‌രാജ് ബഹ്‌റൈനിൽ നിന്ന് വന്നിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളൂ എന്ന് മനസ്സിലാക്കി. ഇയാൾ തിരികെ പോകാൻ സാധ്യതയുണ്ടെന്ന് കണ്ടതിനെ തുടർന്ന് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കുകയായിരുന്നു. മടക്കയാത്രയ്ക്കായി മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് മുംബൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t