അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ചികിത്സാ പിഴവ് വരുത്തിയ ആശുപത്രിക്ക് പിഴ ചുമത്തി. മകന്റെ ചികിത്സയിൽ പിഴവ് വരുത്തിയ ആശുപത്രിക്ക് 75,000 ദിർഹം നഷ്ടപരിഹാരം നൽകാനും പരാതിക്കാരിയുടെ കോടതിച്ചെലവുകൾ നൽകാനും കോടതി ഉത്തരവിട്ടു.
തുടർച്ചയായ വേദന അനുഭവപ്പെട്ട മകനുമായാണ് പരാതിക്കാരി ആശുപത്രിയിലെത്തിയത്. എന്നാൽ, ചികിത്സിച്ച ഡോക്ടർ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും എന്നാൽ യഥാവിധി പരിശോധനകൾ നടത്തുന്നതിലും സി.ടി സ്കാൻ ചെയ്യുന്നതിലും ആവശ്യമായ ആൻ്റിബയോട്ടിക്കുകൾ കുറിക്കുന്നതിലും പരാജയപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരി ബോധിപ്പിച്ചു. ഇതുമൂലം തൻ്റെ മകന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ഇതേത്തുടർന്നാണ് യുവതി ആശുപത്രിക്ക് എതിരെയും ഡോക്ടർക്കെതിരെയും പരാതിയുമായി കോടതിയെ സമീപിച്ചത്. ചികിത്സാപ്പിഴവിന് നഷ്ടപരിഹാരമായി 3,50,000 ദിർഹവും ഇതിൻ്റെ 12 ശതമാനം പലിശയും കോടതിച്ചെലവുകളും എതിർകക്ഷിയിൽ നിന്ന് ഈടാക്കണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം.
കോടതി വിഷയത്തിൽ സുപ്രീം മെഡിക്കൽ ലയബിലിറ്റി കമ്മിറ്റിയുടെ റിപ്പോർട്ട് തേടുകയും ഇതിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചുവെന്ന് കണ്ടെത്തുകയും ചെയ്തു. ഡോക്ടർ മെഡിക്കൽ പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്നും മതിയായ മുൻകരുതലുകൾ ഇല്ലാതെയാണ് ഡോക്ടർ ശസ്ത്രക്രിയ നടത്തിയതെന്നും കമ്മിറ്റി കണ്ടെത്തി. തുടർന്നാണ് പരാതിക്കാരിയും മകനും നേരിട്ട ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോടും ഡോക്ടറോടും നിർദേശിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t