പൊലീസ് സിഐഡിയായി ആൾമാറാട്ടം നടത്തി വ്യാജ കറൻസി കൈമാറ്റത്തിലൂടെ ഒരാളിൽ നിന്ന് 4 ലക്ഷം ദിർഹത്തിലേറെ(ഒരു കോടിയിലേറെ രൂപ) തട്ടിയെടുത്ത കേസിൽ 9 പേർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് അജ്മാൻ ഫെഡറൽ പ്രൈമറി കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഏഴ് പ്രതികളെ നാടുകടത്താനും മോഷ്ടിച്ച പണം തിരികെ നൽകാനും കോടതി ഉത്തരവിട്ടു.മെച്ചപ്പെട്ട വിനിമയ നിരക്ക് വാഗ്ദാനം ചെയ്ത ഒരു സംഘത്തിൽ നിന്ന് 400,000 ദിർഹത്തിലേറെ യുഎസ് ഡോളറാക്കി മാറ്റാൻ ഇരയായ ആൾ ഒരുക്കിയ തട്ടിപ്പാണ് കേസിന് ആധാരം. നിശ്ചയിച്ച സ്ഥലത്ത് മൂന്ന് അറബ് പൗരന്മാർ ഇയാളെയും കൂട്ടുകാരെയും സമീപിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
സംശയകരമായ രീതിയിൽ പെരുമാറിയ ഈ സംഘം ഇരയായവരെ വാഹനത്തിൽ നിന്ന് പുറത്തിറക്കി ഭിത്തിയോട് ചേർത്ത് നിർത്തി. ഒരാൾ അവരുടെ തിരിച്ചറിയൽ കാർഡുകളും മൊബൈൽ ഫോണുകളും ശേഖരിക്കുമ്പോൾ മറ്റൊരാൾ അധികാരികളുമായി സംസാരിക്കുന്നതായി അഭിനയിച്ചു. ഈ സമയം മൂന്നാമത്തെ പ്രതി കാർ തുറന്ന് പണം അടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു.
സംഘം രക്ഷപ്പെടാനായി കാറിൽ കയറി ഓടിച്ചുപോയ ഉടൻ തന്നെ ഇര സംഭവം പൊലീസിൽ അറിയിച്ചു. അജ്മാൻ പൊലീസ് അതിവേഗം അന്വേഷണം ആരംഭിക്കുകയും ദിവസങ്ങൾക്കകം പ്രതികളെ കണ്ടെത്തുകയും മോഷ്ടിച്ച പണത്തിന്റെ ഭൂരിഭാഗവും (63,000 ദിർഹം ഒഴികെ) കണ്ടെടുക്കുകയും ചെയ്തു. അഞ്ചാമത്തെ പ്രതിയായി തിരിച്ചറിഞ്ഞ ഒരാൾ മറ്റുള്ളവരുമായി ചേർന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
മറ്റ് നാല് സംഘാംഗങ്ങൾ പങ്കാളിത്തം സമ്മതിച്ചപ്പോൾ, ബാക്കിയുള്ള പ്രതികൾ കുറ്റം നിഷേധിക്കുകയും അവരുടെ അറസ്റ്റിന്റെയും തിരച്ചിലിന്റെയും നിയമസാധുതയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ, തെളിവുകൾ വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ വാദങ്ങൾ തള്ളി. നേരിട്ടുള്ള കുറ്റസമ്മതങ്ങൾ, വിശ്വസനീയമായ സാക്ഷിമൊഴികൾ, പൊലീസ് നടത്തിയ വെർച്വൽ തിരിച്ചറിയൽ പരേഡിൽ ഇരയായയാൾ ഒട്ടേറെ പ്രതികളെ തിരിച്ചറിഞ്ഞത് എന്നിവയെ അടിസ്ഥാനമാക്കിയാണ് വിധി പ്രസ്താവിച്ചത്.
മുൻകൂട്ടി ആസൂത്രണം ചെയ്തതും സംഘടിതവുമായ കുറ്റകൃത്യമാണിതെന്ന് വിശേഷിപ്പിച്ച ജഡ്ജി, നിയമപാലകരുടെ വ്യക്തിത്വം ദുരുപയോഗം ചെയ്ത് ഇരയെ മനഃപൂർവം കബളിപ്പിച്ച് മോഷണം നടത്തിയെന്ന് ഊന്നിപ്പറഞ്ഞു. നിയമം അനുവദിക്കാത്ത പണമിടപാടുകളുടെ അപകടങ്ങളെയും പ്രത്യേകിച്ച് വലിയ തുകകൾ കൈകാര്യം ചെയ്യുമ്പോൾ വ്യക്തികളെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെയും ഈ കേസ് എടുത്തു കാണിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t